സോഷ്യല്‍ മീഡിയ പ്രശ്‌നമേഖലയാകുമ്പോള്‍
നവമാധ്യമങ്ങളുടെ ഗുണങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളെ മറികടന്ന് ഇപ്പോള്‍ അവയുടെ തിന്മകളേയും ദുരന്തഫലങ്ങളേയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മനുഷ്യരാശി കൈവരിച്ച ഏതൊരു നേട്ടവും എക്കാലവും നന്മ-തിന്മകള്‍ക്കിടയില്‍ ഏറിയും കുറഞ്ഞും വിനിയോഗിക്കപ്പെട്ടിട്ടുണ്ട് എന്നത് ചരിത്രമാണ്. തിന്മയുടെ വൈവിധ്യ മേഖലകളിലേക്കാണ് നവമാധ്യമ സംസ്‌കാരം കൂപ്പുകുത്തി വീണിരിക്കുന്നത്. 2010-നു ശേഷമാണ് ഈ പ്രവണതകള്‍ ശക്തിപ്രാപിച്ചത്. നാളുകള്‍ കഴിയുംതോറും പ്രശ്‌നങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പശ്ചിമേഷ്യയിലെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട മുല്ലപ്പൂ വിപ്ലവത്തിനു പിന്തുണയായി വര്‍ത്തിച്ചത് നവമാധ്യമ വിനിമയങ്ങള്‍ ആയിരുന്നുവല്ലോ. എന്നാല്‍ പാശ്ചാത്യ സമൂഹത്തില്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ രാഷ്ട്രീയത്തെ ജനാധിപത്യ വിരുദ്ധമായ ഇസ്‌ലാമിക ഭീകരതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പായി ചിത്രീകരിക്കുവാനും ഇതേ നവമാധ്യമങ്ങളെത്തന്നെയാണ് ആഗോള ഇസ്‌ലാമിക ശത്രുക്കള്‍ ഉപയോഗപ്പെടുത്തിയത്. ഇറാഖിലേയും സിറിയയിലേയും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കൊടുംക്രൂരതകളെ മുന്‍നിര്‍ത്തി ആഗോള മാനവരാശിയില്‍ ഇസ്‌ലാം ഭീതി പരത്തുന്നതില്‍ നവമാധ്യമങ്ങളെ സമര്‍ഥമായി വിനിയോഗിക്കാന്‍ തല്‍പരകക്ഷികള്‍ക്ക് സാധിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ എന്ന നിലയില്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച ചിത്രങ്ങളില്‍ വലിയൊരു ശതമാനം കൃത്രിമങ്ങളായിരുന്നു. അറവുശാലകളിലേയും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കശാപ്പുശാലകളിലേയും ചിത്രങ്ങള്‍ പോലും ഇത്തരത്തില്‍ നവമാധ്യമങ്ങള്‍ വഴി ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പേരില്‍ വിനിമയം ചെയ്യപ്പെട്ടു. വിരല്‍തുമ്പിലെത്തുന്ന ദൃശ്യങ്ങളുടെയും വിവരങ്ങളുടെയും സൂക്ഷ്മതയും സത്യസന്ധതയും കൃത്യതയും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ നവമാധ്യമ വിധേയത്വം മനോരോഗം പോലെ കീഴടക്കിയ ഒരു വിഭാഗം മനുഷ്യര്‍ തങ്ങള്‍ക്കു കിട്ടുന്ന ദൃശ്യവിവരങ്ങളെ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നതില്‍ മതിഭ്രമം പുലര്‍ത്തുകയും ചെയ്തു. അങ്ങനെ ലോകമെങ്ങും നുണകളുടെ ഒരു പ്രളയം തന്നെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.
മതവും ജാതിയും വംശവും വര്‍ഗവും മുന്‍നിര്‍ത്തിയുള്ള ദുരുദ്ദേശ പ്രചാരണത്തിന് ഇന്ത്യയില്‍ നവമാധ്യമങ്ങള്‍ നിരുപാധികം വിനിയോഗിക്കപ്പെടുന്നു. പാശ്ചാത്യരാഷ്ട്രങ്ങളില്‍ പലതും സവിശേഷമായ രീതിയില്‍ വിവര സാങ്കേതിക സംവിധാനങ്ങളെ യുക്തിപരമായ നിയന്ത്രണത്തിനു വിധേയമാക്കുകയോ പൗരസമൂഹത്തെ ഫലപ്രദമായ രീതിയില്‍ ബോധവല്‍ക്കരിക്കുകയോ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യയില്‍ അത്തരം ആലോചനകള്‍ പോലും നടക്കുന്നേയില്ല. ഫാസിസ്റ്റ് രാഷ്ട്രീയ പ്രവണതകളും പലതര ജനവിഭാഗങ്ങളെ തമ്മിലകറ്റുന്ന നുണകളും ഇന്ത്യയില്‍ പരന്നൊഴുകുകയാണ്. ഇന്ത്യയിലെ സംഘ്പരിവാര രാഷ്ട്രീയം ഏതു വിധേനയും രാജ്യത്തെ മൊത്തത്തില്‍ വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെ നവമാധ്യമങ്ങളില്‍ ഇടപെടാനുള്ള പരിശീലനം നല്‍കി അവരുടെ സോഷ്യല്‍ മീഡിയ ചാവേറുകളെ ഇതിനകം രംഗത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ദുരന്തഫലങ്ങള്‍ കൂടുതലായി അനുഭവിക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളാണ്. ബലാത്സംഗങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, ആരാധനാലയങ്ങള്‍ തകര്‍ക്കല്‍, സംഘം ചേര്‍ന്ന് ആക്രമിച്ചു കൊല്ലല്‍, വര്‍ഗീയ-വംശീയ കലാപങ്ങള്‍ എന്നിങ്ങനെയുള്ള സംഭവങ്ങളെ കുറിച്ചുള്ള നുണക്കഥകളും അവാസ്തവങ്ങളും നവമാധ്യമങ്ങള്‍ വഴിയായി പ്രചരിപ്പിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരില്‍ അരങ്ങേറിയ വംശീയ കലാപത്തിന്റെ തുടര്‍ച്ചയായി വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാനമായ കലാപങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുവാന്‍ ലക്ഷ്യമിട്ടുള്ള ധാരാളം നുണക്കഥകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നു. ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കശ്മിരിലെ കത്‌വാ സംഭവം ആഗോളതലത്തില്‍ ഇന്ത്യയെന്ന വലിയ ജനാധിപത്യ രാഷ്ട്രത്തിനു മാനക്കേടായി മാറിയപ്പോള്‍ അതിനെ മറികടക്കാന്‍ സംഘ്പരിവാറിന്റെ സോഷ്യല്‍ മീഡിയാ വക്താക്കള്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ദുരൂഹമരണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നുണക്കഥാ വ്യാപനത്തിനാണ് ശ്രമിച്ചത്. നുണകളെ വസ്തുത വല്‍ക്കരിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയ തന്നെയാണെന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുന്നു ഇന്ത്യയിലെ നിക്ഷിപ്ത താല്‍പര്യക്കാര്‍ പടച്ചുവിട്ട് പെട്ടെന്ന് വ്യാപനം തേടുന്ന ഊഹാപോഹങ്ങള്‍. സോഷ്യല്‍ മീഡിയ ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ സഹായകമായ നിരവധി സമീപകാല അനുഭവങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്.
ഇന്ത്യയിലെ വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ അനവധാനത പുലര്‍ത്തുന്നവരാണ് എന്നത് തല്‍പരകക്ഷികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്നു. കേരളം പോലെ പ്രബുദ്ധതയുണ്ടെന്ന് കരുതപ്പെട്ടുവന്ന പ്രദേശങ്ങള്‍ പോലും ഇന്ന് നവമാധ്യമങ്ങളുടെ വിനിയോഗത്തില്‍ അപക്വസമീപനങ്ങളാല്‍ വഴിതെറ്റിക്കപ്പെട്ടുവരികയാണ്. സമീപകാല സംഭവങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് നമുക്കു കണ്ടെത്താന്‍ കഴിയുക. ഒന്ന്- നവമാധ്യമങ്ങള്‍ വഴിയായി വിതരണം ചെയ്യപ്പെടുന്നതെന്തും തീര്‍ത്തും ശരിയും പൂര്‍ണവും കൃത്യവുമാണ് എന്നുള്ള തെറ്റായ മുന്‍വിധി. രണ്ട്- നവമാധ്യമങ്ങള്‍ എല്ലാ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും രാജ്യത്തു നിലനില്‍ക്കുന്ന ആശയവിനിമയ സംസ്‌കാരത്തിനും അതീതമായ സ്വാതന്ത്ര്യവും വ്യക്തിപരമായ സുരക്ഷിതത്വവും നല്‍കുന്നുണ്ട് എന്ന ബാലിശമായ തോന്നല്‍.
വാട്‌സ്ആപ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെ വിതരണം ചെയ്യപ്പെടുന്ന വിവരങ്ങള്‍ തികച്ചും ആധികാരികവും യഥാര്‍ഥവും വസ്തുനിഷ്ഠവുമാണ് എന്നു പറയാന്‍ ഒരു മാനദണ്ഡവും നിലവിലില്ല. കൃത്രിമമായി രൂപപ്പെടുത്തുന്ന ദൃശ്യങ്ങളും അവയെ ആസ്പദിച്ചുള്ള വിവരങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം തിന്‍മകളെ ഏറ്റെടുക്കുകയും സ്വീകരിക്കുകയും മാത്രമല്ല മറ്റുള്ളവരിലേക്ക് വിനിമയം നടത്തുകകൂടി ചെയ്യുന്നവര്‍ തെറ്റിന്റെയും തിന്‍മയുടെയും വ്യാപനത്തില്‍ പങ്കാളികളാവുക വഴി സാമൂഹ്യദ്രോഹമാണ് ചെയ്യുന്നത്. ഏതെങ്കിലും സംഭവങ്ങളോടോ അനുഭവങ്ങളോടോ ഉള്ള പ്രതികരണങ്ങള്‍ വരെയും ഇത്തരത്തില്‍ തെറ്റായി വിതരണം ചെയ്യപ്പെടുന്നുണ്ട്. എന്നും എവിടെയും കലാപങ്ങളും പ്രശ്‌ന കാലുഷ്യങ്ങളും പൊട്ടിമുളക്കാറുള്ളത് നുണകളില്‍ നിന്നാണല്ലോ. മതവര്‍ഗീയതയും ഫാസിസവും വളര്‍ത്താനാവശ്യമായ മുന്‍വിധികളെ സമര്‍ഥമായി വിതരണം ചെയ്യുവാന്‍ ഇന്ന് സോഷ്യല്‍ മീഡിയയേക്കാള്‍ നല്ല ഉപാധികളില്ല. അന്ധമായി സോഷ്യല്‍ മീഡിയാ അടിമത്തം പുലര്‍ത്തുന്നവര്‍ ഇത്തരം നുണകളെ വിശുദ്ധ യാഥാര്‍ഥ്യങ്ങളായി ഏറ്റെടുക്കുമ്പോള്‍ മനുഷ്യസഹജമായ വിവേചനശേഷി പോലും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതിന്റെ മികച്ചൊരു ഉദാഹരണമായി ഏപ്രില്‍ 16-ലെ ഹര്‍ത്താലിനേയും അതിനെ സംബന്ധിച്ച വിവാദങ്ങളേയും ചൂണ്ടിക്കാണിക്കാവുന്നതാണ്.
'വാട്‌സ്ആപ് ഹര്‍ത്താല്‍' കേരളത്തിലെ ആഗോള മുസ്‌ലിം തീവ്രവാദികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണ് എന്നാണ് തല്‍പരകക്ഷികള്‍ പ്രചരിപ്പിച്ചത്. അതിന്റെ സൂത്രധാരന്മാരെ പിടികൂടിയപ്പോഴാണ് സംഭവങ്ങള്‍ മറ്റു ദിശയിലേക്കു തിരിഞ്ഞത്. ബോധപൂര്‍വം കേരളീയ സമൂഹത്തെ വഴിതെറ്റിക്കാനായി അപക്വമതികളും ക്രിമിനല്‍ മനസ്ഥിതിക്കാരും സംഘ്പരിവാര്‍ ബന്ധമുള്ളവരുമായ ചില യുവാക്കള്‍ ആസൂത്രണം ചെയ്തതായിരുന്നു വാട്‌സ്ആപ് ഹര്‍ത്താല്‍ എന്നാണ് പൊലിസ് കണ്ടെത്തിയത്. പക്ഷേ ഇതില്‍ നിന്ന് ചില കര്‍ക്കശമായ പാഠങ്ങള്‍ ഉരുത്തിരിഞ്ഞു വരികയുണ്ടായി. മലബാര്‍ മേഖലയിലെ വലിയൊരു വിഭാഗം മുസ്‌ലിം യുവാക്കള്‍ വിഡ്ഢികളാക്കപ്പെട്ടു എന്നതാണ് ഒന്നാം പാഠം. വാട്‌സ്ആപ് ഹര്‍ത്താലിനായി രൂപീകരിക്കപ്പെട്ട ഗ്രൂപ്പുകളുടെ വ്യാജപേരുകളും ആ ഗ്രൂപ്പുകള്‍ വഴി വിതരണം ചെയ്യപ്പെട്ട സന്ദേശങ്ങളും കത്‌വാ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം വൈകാരികതയെ ജ്വലിപ്പിക്കുംവിധമായിരുന്നു. അതാണ് മുസ്‌ലിം യുവാക്കളെ ചതിച്ചതും. 'നവരാഷ്ട്രീയ പാര്‍ട്ടികള്‍' എന്നഭിമാനിക്കുന്ന കേരളത്തിലെ ചില താല്‍ക്കാലിക ആള്‍ക്കൂട്ടങ്ങളുമായി ബന്ധമുള്ള ചെറുപ്പക്കാര്‍ സംഘ്പരിവാര കുബുദ്ധികളുടെ കുതന്ത്രങ്ങളുടെ ചൂണ്ടക്കൊളുത്തില്‍ കുരുങ്ങി. വാട്‌സ്ആപ്, ഫേസ്ബുക്ക് മുതലായ വഴി കടന്നുവരുന്ന സന്ദേശങ്ങള്‍ കണ്ണടച്ചു വിശ്വസിക്കാന്‍ മാത്രമേ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കഴിയൂ എന്നും, കാര്യങ്ങളെ മനുഷ്യസഹജമായ വിവേചന ശീലങ്ങള്‍ മുന്‍നിര്‍ത്തി പരിശോധിക്കാനുള്ള പക്വതയും പാകതയും ഇവര്‍ക്കില്ല എന്നും ശത്രുക്കള്‍ക്ക് സന്തോഷകരമായ തിരിച്ചറിവുകള്‍ നല്‍കാന്‍ വാട്‌സ്ആപ് ഹര്‍ത്താല്‍ വഴിയൊരുക്കി എന്നതാണ് ഇതിലെ രണ്ടാമത്തെ പാഠം. സോഷ്യല്‍ മീഡിയാ വിനിയോഗത്തിന്റെ കാര്യത്തില്‍ സ്വന്തം സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില മാര്‍ഗനിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയില്ലെങ്കില്‍ അപകടങ്ങള്‍ പലതുണ്ട് എന്ന് സംഘടനകളെ ഉണര്‍ത്താനിടയായതാണ് മൂന്നാം പാഠം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലണമെന്ന് ഫേസ്ബുക്ക്-വാട്‌സ്ആപ് ആഹ്വാനം നടത്തിയ മുസ്‌ലിം നാമധാരിയായ പതിനാറുകാരന്റെ ചിത്രം പത്രങ്ങളില്‍ വന്നു. നവമാധ്യമങ്ങള്‍ വ്യക്തികള്‍ക്ക് എന്തും പറയാനും ഏതു തോന്നിയവാസവും തുറന്നു വിടാനും ഉള്ളവയാണ് എന്നു ചിന്തിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ആ വാര്‍ത്തയും ചിത്രവും. ഒരു വലിയ വിഭാഗം നവമാധ്യമ ഉപയോക്താക്കള്‍ കരുതുന്നത് അവര്‍ക്ക് എന്തും അവയിലൂടെ തുറന്നു വിടാമെന്നാണ്. വ്യക്തികള്‍ക്കെതിരായ നുണ പ്രചാരണം, കുടുംബ ബന്ധങ്ങള്‍ തകര്‍ക്കല്‍, കുതികാല്‍വെട്ടല്‍, പാരവയ്പ്പ് എന്നിങ്ങനെ പലതിനും നവമാധ്യമങ്ങള്‍ ദുര്‍വിനിയോഗിക്കപ്പെടുന്നത് ഇന്ന് പതിവാണ്. അട്ടപ്പാടിയിലെ മധുവെന്ന ആദിവാസി ദരിദ്രനെ തല്ലിക്കൊല്ലുന്നതിന്റെ സെല്‍ഫിയെടുത്ത് സ്വന്തം ഫേസ്ബുക്കിലിട്ട നവമാധ്യമ അടിമകളെ നാം കണ്ടതാണ്. നാട്ടിലെ വലിയൊരു വിഭാഗം കുട്ടികളും ചെറുപ്പക്കാരും നവമാധ്യമങ്ങളുടെ വിനിയോഗം വഴി ചെന്നെത്തിയ മനോരോഗത്തിന്റെ മികച്ച തെളിവാണ് 'അട്ടപ്പാടി സെല്‍ഫി'. വഴിപോക്കരുടെയും ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരുടെയും ബസ് സ്‌റ്റോപ്പില്‍ ചിന്താധീനരായി ബസ് കാത്തുനില്‍ക്കുന്നവരുടെയും എല്ലാം ഫോട്ടോയെടുക്കുന്നവര്‍ ,ഹോട്ടലുകളില്‍ ഭക്ഷണം മുന്നില്‍ വച്ചും റെയില്‍-ബസ്‌സ്‌റ്റേഷനുകളില്‍ വണ്ടി പുറപ്പെടുന്ന തിരക്കിനിടയില്‍ വച്ചും സെല്‍ഫിയെടുക്കുന്നവര്‍, എന്നിട്ടതെല്ലാം സ്വന്തം ഫേസ് ബുക്കിലോ വാട്‌സ്ആപ് ഗ്രൂപ്പിലോ ഇട്ടു പ്രചരിപ്പിക്കുന്നവര്‍- എന്നിങ്ങനെ നവമാധ്യമ മനോരോഗികളുടെയും മന്ദബുദ്ധികളുടെയും എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ് കേരളത്തില്‍. സംഘടനകളും പ്രസ്ഥാനങ്ങളും മുന്‍കൈയെടുത്ത് ഇതിനെതിരേയെല്ലാം ബോധവല്‍ക്കരണങ്ങള്‍ നടത്താത്തപക്ഷം പ്രശ്‌നങ്ങള്‍ പല രീതികളില്‍ പെരുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും. സാമൂഹ്യ ബോധവും സ്വയം ബോധവും തിരിച്ചറിവും വിവേകവും ഔചിത്യബോധവും സാമാന്യമര്യാദയും പരസ്പരാദരവും എല്ലാം ഉള്‍പ്പെടുന്ന ഒരുപിടി മൂല്യങ്ങളുടേയും സംസ്‌കാര ശീലങ്ങളുടേയും അന്തകരായി നവമാധ്യമ അടിമകള്‍ അധഃപതിച്ചിരിക്കുന്നു എന്നത് ഗുരുതരമായ സാമൂഹ്യ വിപത്തു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."