പൗരാവകാശമുള്ള ലോകത്തെ ആദ്യ നദിയായി വാങ്‌നൂയ് ബില്‍ ന്യൂസിലന്‍ഡ്് പാര്‍ലമെന്റ് പാസാക്കി
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ പ്രാചീന മാവോറി ഗോത്രവംശജര്‍ക്ക് വാങ്‌നൂയ് വെറുമൊരു നദിയുടെ പേരല്ല. അതവരുടെ ജീവിതത്തിന്റെ ഭാഗം കൂടിയാണ്. 'ഞാനാണ് നദി, നദിയാണ് ഞാന്‍' എന്നൊരു നാടന്‍പ്രയോഗം തന്നെയുണ്ട് മാവോറികള്‍ക്ക്. വാങ്‌നൂയ് നദിയുമായുള്ള മാവോറികളുടെ നൂറ്റാണ്ട് പഴക്കമുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന് ഇപ്പോള്‍ ന്യൂസിലന്‍ഡ്് സര്‍ക്കാരും അംഗീകാരം നല്‍കിക്കഴിഞ്ഞു. മനുഷ്യരെപ്പോലെ ഇനിമുതല്‍ വാങ്‌നൂയിക്കും പൗരാവകാശവും നിയമപരിരക്ഷയുമെല്ലാമുണ്ടാകും. അതിനുപുറമെ നദിയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാനും ആളുണ്ടാകും.
കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡ് പാര്‍ലമെന്റാണ് ചരിത്രത്തില്‍തന്നെ അപൂര്‍വമായ ബില്‍ പാസാക്കിയത്. 170 വര്‍ഷംനീണ്ട മാവോറികളുടെ നിയമപോരാട്ടത്തിനൊടുവിലാണ് പൗരാവകാശമുള്ള ലോകത്തെ ആദ്യ നദിയെന്ന ചരിത്രനേട്ടത്തിന് വാങ്‌നൂയ് അര്‍ഹയായത്. വടക്കന്‍ ന്യൂസിലന്‍ഡിന്റെ മധ്യഭാഗത്തുനിന്ന് ഉല്‍ഭവിച്ച് 145 കിലോമീറ്റര്‍ ദൂരത്തില്‍ ഒഴുകുന്ന വാങ്‌നൂയ് മാവോറികളുടെ ഗോത്രാചാരങ്ങളുടെ കൂടി ഭാഗമാണ്. ഇനിമുതല്‍ മാവോറി വംശജര്‍ നിയമിക്കുന്നയാളും സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നയാളുമടക്കം രണ്ടംഗങ്ങളാകും നദിയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുക.
ന്യൂസിലന്‍ഡ് ട്രീറ്റി നെഗോഷിയേഷന്‍സ് മന്ത്രി ക്രിസ്റ്റഫര്‍ ഫിന്‍ലെയ്‌സണാണ് മാവോറികളുടെ മറ്റൊരു വിളിപ്പേരായ 'തെ ആവാ തുപുവാ' എന്ന പേരില്‍ അപൂര്‍വ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഒരു പ്രകൃതിവിഭവത്തെ ജീവിവര്‍ഗമായി കണക്കാക്കി നിയമപരിരക്ഷ നല്‍കുകയെന്നത് ഒറ്റനോട്ടത്തില്‍ ആര്‍ക്കും കൗതുകം ജനിപ്പിച്ചേക്കാം. എന്നാല്‍, കുടുംബ ട്രസ്റ്റുകള്‍, കമ്പനികള്‍, സഹകരണ സംഘങ്ങള്‍ എന്നിവയെക്കാളും വലിയ അപൂര്‍വതയൊന്നും അതിനില്ലെന്ന് ക്രിസ്റ്റഫര്‍ പറഞ്ഞു. 1870 മുതല്‍ നദിയുടെ അവകാശങ്ങള്‍ക്കായി മാവോറി വംശജര്‍ നടത്തിവരുന്ന പോരാട്ടത്തിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2009ലാണ് നദിക്ക് പൗരാവകാശം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ന്യൂസിലന്‍ഡ് സര്‍ക്കാരും മാവോറി ഗോത്രക്കാരും തമ്മില്‍ ആരംഭിച്ചത്.
ഇതേത്തുടര്‍ന്ന് 2014ല്‍ വാങ്‌നൂയ് റിവര്‍ ഡീഡ് സെറ്റില്‍മെന്റ് കരാറില്‍ സര്‍ക്കാര്‍ ഒപ്പുവയ്ക്കുകയും 2016ല്‍ ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം ആരംഭിക്കുകയും ചെയ്തു. ഇതിനൊടുവിലാണ് പുതിയ ബില്‍ പാര്‍ലമെന്റ് പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."