പൊലിസില്‍ നവീകരണം വേഗത്തിലാക്കണം; ഡി.ജി.പി സര്‍ക്കാരിനെ സമീപിച്ചു
തിരുവനന്തപുരം: ആക്ഷേപങ്ങളുയരുന്നതിനിടെ പൊലിസില്‍ നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വീണ്ടും സര്‍ക്കാരിനെ സമീപിച്ചു.
സംസ്ഥാനത്തെ പകുതിയിലേറെ സ്റ്റേഷനുകളിലും കൊലപാതകം, പീഡനം പോലുള്ള ഗുരുതര കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുള്ള എസ്.എച്ച്.ഒമാരില്ലെന്നും സ്റ്റേഷന്‍ ചുമതല സി.ഐമാര്‍ക്ക് നല്‍കുന്നത് ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ബെഹ്‌റ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
കൊലപാതകം, പീഡനം തുടങ്ങി ഗുരുതര കുറ്റകൃത്യത്തില്‍പെട്ട കേസുകള്‍ സി.ഐ അന്വേഷിക്കണമെന്നാണ് നിയമം. എന്നാല്‍ സംസ്ഥാനത്തെ 268 സ്റ്റേഷനുകളില്‍ ഈ നിയമം പൂര്‍ണതോതില്‍ നടപ്പാക്കാനാവുന്നില്ല. കാരണം ഇത്രയും സ്റ്റേഷനുകളില്‍ എസ്.എച്ച്.ഒമാരായി സി.ഐമാരില്ല എന്നതാണ്.
കഴിഞ്ഞ ജനുവരി ഒന്നിനാണ് 196 സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാരില്‍നിന്ന് മാറ്റി സി.ഐമാര്‍ക്ക് നല്‍കുന്ന നവീകരണത്തിന് തുടക്കമായത്. അവശേഷിക്കുന്ന 268 സ്റ്റേഷനുകളുടെ ചുമതല ഏപ്രില്‍ മാസത്തോടെ സി.ഐമാര്‍ക്ക് കൈമാറാന്‍ ലക്ഷ്യമിട്ടെങ്കിലും ഇതുവരെ നടപ്പായില്ല.
ഇതോടെ പകുതി സ്റ്റേഷനില്‍ സി.ഐയും അവശേഷിക്കുന്ന സ്റ്റേഷനുകളില്‍ എസ്.ഐയും ചുമതലക്കാരനായിരിക്കുന്ന അവസ്ഥയാണുള്ളത്. എസ്.ഐമാര്‍ എസ്.എച്ച്.ഒമാരായി തുടരുന്ന സ്റ്റേഷനുകളില്‍ നിയമപ്രകാരം നാഥനില്ലാത്ത അവസ്ഥയാണ്. ഗുരുതര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ എസ്.ഐക്ക് അധികാരമില്ലാത്തതിനാല്‍ തൊട്ടടുത്ത സ്റ്റേഷനിലെ സി.ഐയെത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്.ഐ തുടര്‍ന്ന് അന്വേഷിക്കുകയുമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഇതുണ്ടാക്കുന്ന കാലതാമസം പ്രതികളെ പിടികൂടുന്നത് വൈകുന്നതിനടക്കം കാരണമാകുന്നുവെന്ന് ആക്ഷേപമുണ്ട്. എസ്.ഐ തയാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന നിയമപ്രശ്‌നവും നിലനില്‍ക്കുന്നു. സ്റ്റേഷനുകളുടെ അധികാരത്തിലും അന്വേഷണത്തിലുമെല്ലാം തുടരുന്ന ഈ ആശയക്കുഴപ്പം പൊലിസിനെതിരേ ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് ഒരു കാരണമാണെന്നും ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നുണ്ട്. ഇതേതുടര്‍ന്നാണ് എല്ലാ സ്റ്റേഷനുകളിലും ഉടന്‍ എസ്.എച്ച്.ഒമാരായി സി.ഐമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബെഹ്‌റ വീണ്ടും സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."