അറസ്റ്റ് വാറണ്ട് നിരാകരിച്ച് ജസ്റ്റിസ് കര്ണന്; 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു
കൊല്‍ക്കത്ത: കോടതിയലക്ഷ്യകേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് വന്‍ പൊലിസ് സന്നാഹത്തിന്റെ അകമ്പടിയോടെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി കര്ണന് കൈമാറി. 100 പൊലിസുകാര്ക്കൊപ്പമാണ് പശ്ചിമബംഗാളിലെ പൊലിസ് മേധാവി കര്‍ണന്റെ വസതിയിലെത്തിയത്.
അതേസമയം, സുപ്രിംകോടതി പുറപ്പെടുവിച്ച വാറണ്ട് ജസ്റ്റിസ് കര്ണന് നിരാകരിച്ചു. തന്റെ മനഃസമാധാനം ഇല്ലാതാക്കിയതിന് 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നല്‍കുമെന്നും ജസ്റ്റിസ് കര്ണന് മാധ്യമങ്ങളോട് പറഞ്ഞു.
ജഡ്ജിമാര്‍ തന്നെ പൊതുജനമധ്യത്തില്‍ അപമാനിച്ചെന്നും തന്റെ മനസ്സ് അസ്വസ്ഥമാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രിം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ സുപ്രിംകോടതി സ്വമേധയാ തീരുമാനിച്ചത്.
എന്നാല്‍ കോടതിയില്‍ ഹാജരാകില്ലെന്നായിരുന്നു കര്‍ണന്റെ നിലപാട്. താന്‍ ദളിതനായതിനാല്‍ ജുഡീഷ്യറിയില്‍ താന്‍ വിവേചനം നേരിടുന്നുവെന്നും ജസ്റ്റിസ് കര്ണ്ണന് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."