ഭൂരിപക്ഷ വല്‍ക്കരണത്തിനെതിരേ ജാഗ്രത വേണമെന്ന് രാഷ്ട്രപതി
മുംബൈ: രാജ്യത്തെ നിലവിലെ രാഷ്ട്രീയസംഭവങ്ങളില്‍ ശക്തമായ പ്രതികരണവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഭൂരിപക്ഷവല്‍ക്കരണത്തിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഭരണത്തിലുള്ളവര്‍ എല്ലാക്കാലവും എല്ലാവരേയും പരിഗണിക്കണമെന്നും പറഞ്ഞു.
കൂടിയാലോചനയും സര്‍വ്വസമ്മതവും മാത്രമാണ് മുമ്പോട്ടു പോകാനുള്ള ഏകവഴിയെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി നേടിയ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്നതിനിടേയാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തില്‍ മോദിയെ പ്രശംസിച്ചു പറയാനും രാഷ്ട്രപതി തയ്യാറായി. ഉത്തര്‍പ്രദേശിലെ ഉന്നത വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ വിനയം പാലിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത് തന്നെ അതിയായി സന്തോഷിപ്പിച്ചതായി പ്രണബ് മുഖര്‍ജി പറഞ്ഞു. ജനവിധി വന്നത് ഭൂരിപക്ഷത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സര്‍ക്കാര്‍ ഭരിക്കുന്നത് സര്‍വ്വസമ്മതത്തിന്റെ പിന്‍ബലത്തിലായിരിക്കുമെന്നും മോദി സമര്‍ഥിച്ചതായും രാഷ്ട്രപതി പറഞ്ഞു.
തുടര്‍ച്ചയായി പാര്‍ലമെന്റ് തടസ്സപ്പെടുന്നതില്‍ അദ്ദേഹം നീരസം പ്രകടിപ്പിച്ചു. പാര്‍ലമെന്റ് സംവാദത്തിനുള്ള വേദിയാണെങ്കിലും ബഹളത്തിനൊടുവില്‍ സഭ അവസാനിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതു ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയുടെ കാലാവധി കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."