വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ള പ്ലാന്റിന് ഭരണാനുമതി ലഭിച്ചില്ല; തടസപ്പെടുത്താന്‍ സ്വകാര്യ ലോബിയും
തിരുവനന്തപുരം: അവസാനഘട്ട പ്രവൃത്തികള്‍ പുരോഗമിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ള പ്ലാന്റിന്റെ പുതുക്കിയ പദ്ധതിക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചില്ല. പദ്ധതി തുക 16 കോടിയിലേക്ക് എത്തിയതിനാലാണ് ഭരണാനുമതി ലഭിക്കാത്തത്. എങ്കിലും അവസാനഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അരുവിക്കരയിലെ പ്ലാന്റില്‍ പുരോഗമിക്കുകയാണ്. 2006ലാണ് കുപ്പിവെള്ള പ്ലാന്റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്. 2010ല്‍ ശിലാസ്ഥാപനം നടത്തി. കരാറുകാരുടെ നിസ്സഹകരണവും മറ്റുപല കാരണങ്ങളാലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകി.
2013ലെ സി.എ.ജി റിപ്പോര്‍ട്ടില്‍ പദ്ധതി വൈകുന്നതിനെക്കുറിച്ചും വാട്ടര്‍ അതോറിറ്റിയുടെ വീഴ്ച സംബന്ധിച്ചും വിമര്‍ശനമുണ്ടായി. 2015ല്‍ പദ്ധതി പുനഃക്രമീകരിച്ച് മൂന്നു കമ്പനികള്‍ക്കായി ടെന്‍ഡര്‍ നല്‍കിയിരുന്നു. അന്ന് 2.2 കോടിയായിരുന്ന പദ്ധതിത്തുക 10 കോടിയായി ഉയര്‍ത്തുകയും ചെയ്തു.
അടുത്തിടെയാണ് പുനര്‍നിര്‍ണയിച്ച് ആറു കോടി രൂപകൂടി വീണ്ടും ഉള്‍ക്കൊള്ളിച്ചത്. ഇതിനിടെ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ള പ്ലാന്റ് വേണ്ടെന്ന അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നിലപാട് വിവാദമായിരുന്നു. ഇതിന്റെ ഫലമായി വാട്ടര്‍ അതോറിറ്റി എം.ഡിയായിരുന്ന ഷൈനമോള്‍ക്ക് സ്ഥാനവും നഷ്ടമായി.
മൂന്നു മാസത്തിനുള്ളില്‍ അരുവിക്കരയിലെ വാട്ടര്‍ അതോറിറ്റി പ്ലാന്റില്‍ നിന്ന് കുപ്പിവെള്ളം പുറത്തിറക്കാനാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതു തടസപ്പെടുത്തുന്നതിനായി സ്വകാര്യ കുപ്പിവെള്ള ലോബി പല മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."