ഫലം വന്നിട്ട് അഞ്ചു മാസം: സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ പ്ലസ്ടു തുല്യതാ പഠിതാക്കള്‍; ഉപരിപഠനം ആശങ്കയില്‍
മണ്ണാര്‍ക്കാട്: ഫലം വന്ന് അഞ്ചു മാസം കഴിഞ്ഞിട്ടും പഠിതാക്കള്‍ക്ക് പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി തുടങ്ങിയ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റിനാണ് കാത്തിരിപ്പ് തുടരുന്നത്.
പരീക്ഷ കഴിഞ്ഞ് രണ്ടു മാസത്തിനകം ഫലം പ്രഖ്യാപിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് വിതരണം ഇതുവരെയായി നടന്നിട്ടില്ല. ഉപരിപഠന മടക്കമുള്ള പല മോഹങ്ങളുമായി കോഴ്സ് കഴിഞ്ഞിറങ്ങിയ ആയിരക്കണക്കിന് പഠിതാക്കള്‍ ആശങ്കയിലായി.
സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ഡയറക്ടര്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷനും സംയുക്തമായാണ് ആദ്യമായി ഹയര്‍ സെക്കന്‍ഡറി (പ്ലസ്ടു) തുല്യതാ കോഴ്സ് തുടങ്ങിയത്. സാക്ഷരതാ മിഷന് നടത്തുന്ന പത്താം തരം വിജയിച്ചവര്‍ക്കും ഔപചാരിക തലത്തില്‍ പത്താംതരം വിജയിച്ചതിനുശേഷം പഠനം നിര്‍ത്തിയവര്‍, ഔപചാരിക തലത്തിലുള്ള പ്ലസ്ടു പ്രീഡിഗ്രി പഠനം നിര്‍ത്തിയവര്‍ക്കും, പരാജയപ്പെട്ടവര്‍ക്കും പ്ലസ്ടു തുല്യത കോഴ്സില്‍ ചേരാം. ഔപചാരിക തലത്തിലെ പഠിതാക്കള്‍ക്ക് ജൂണ്‍ ഒന്നിന് 22 വയസ് പൂര്‍ത്തിയാവണം.
കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ കോഴ്സുകളാണ് തുല്യതാ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ ഗ്രാമ-ബ്ലോക്ക് തലങ്ങളില്‍ കോണ്ടാക്ട് ക്ലാസുകളും പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്നു. പ്രഥമ ബാച്ചിന്റെ രണ്ടാം വര്‍ഷ പരീക്ഷ 2017 ഒക്ടോബര്‍ 12 മുതല്‍ 22 വരെയായിരുന്നു. 2017 ഡിസംബര്‍ ഏഴിന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു.
കോഴ്സിന്റെ രണ്ടാമത് ബാച്ചിന്റെ കോണ്ടാക്ട് ക്ലാസുകള്‍ പുരോഗമിക്കവെ പ്രഥമ ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കാത്തതില്‍ പഠിതാക്കളും ആശങ്കയിലാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പത്താം തരം തുല്യതയും തുടര്‍ന്ന് പ്ലസ്ടു തുല്യതാ പഠനവും തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."