ഖത്തറില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് 6 ലക്ഷം റിയല്‍ നഷ്ട പരിഹാരം
ദോഹ: വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ആറ് ലക്ഷം ഖത്തരി റിയാല്‍ (ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ) നഷ്ടപരിഹാരം. തലശ്ശേരി പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ഒറ്റപ്പിലാവുള്ളത്തില്‍ അബ്ദുല്ലക്കാണ് ഖത്തര്‍ സുപ്രിം കോടതി ആറ് ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ചത്.
ദുഹൈലിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരു അബ്ദുല്ലയെ 2014 മെയ് ഒന്നിന് ഒരു വിദേശി ഓടിച്ച ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്നു അബ്ദുല്ല. അപകടത്തില്‍ മാരകമായി പരുക്കേറ്റ അബ്ദുല്ലക്ക് ബോധം നഷ്ടപ്പെടുകയും രണ്ട് വര്‍ഷത്തോളം ഹമദ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയും ചെയ്തു. അപകടം നടന്ന ഉടന്‍ അബ്ദുല്ലയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തലയിലേറ്റ മാരക പരുക്ക് കാരണം പിന്നീട് ബോധം തിരിച്ച് കിട്ടിയില്ല.
ഹമദ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന അബ്ദുല്ലയുടെ പ്രശ്‌നത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ നടത്തിയ ഇടപെലാണ് കേസ് നടപടികള്‍ വേഗത്തിലാക്കുതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനും സഹായകമായത്. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അബ്ദുല്ലയുടെ സഹോദരന് യഥാസമയം കോടതിയില്‍ ഹാജരാകാനോ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനോ സാധിച്ചിരുന്നില്ല.
പിന്നീട് നാട്ടില്‍ നിന്നും വന്ന ബന്ധു സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ കേസിന് ആവശ്യമായ രേഖകള്‍ ശരിയാക്കുകയും കോടതിയില്‍ കേസ് സജീവമായി മുന്നോട്ടു കൊണ്ടു പോകുകയും ചെയ്തു. ഏകദേശം ഒരു വര്‍ഷത്തെ കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷമാണ് ആറ് ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഇന്‍ഷൂറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടത്.
രണ്ട് വര്‍ഷത്തോളം ഹമദ് ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്ന മുപ്പത്കാരനായ അബ്ദുല്ലയെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഹമദ് ആശുപത്രി അധികൃതരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടയും സഹായത്തോടെ വിദഗ്ദ്ധ ചികില്‍സക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയിരുന്നു. ഇപ്പോള്‍ കേരളത്തില്‍ ആയുര്‍വേദ ചികില്‍സയിലാണ് അബ്ദുല്ല. അബ്ദുല്ലയുടെ പിതാവ് മാസങ്ങള്‍ക്ക് മുമ്പാണ് മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."