മത്സ്യമേഖലയില്‍ സമഗ്ര ഇടപെടല്‍ നടത്തും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: മത്സ്യമേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര ഇടപെടല്‍ നടത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ.ഫിഷറീസ് വകുപ്പും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വഴി 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.മത്സ്യമേഖലയുടെ വളര്‍ച്ചയ്ക്ക് ഫിഷറീസ് വകുപ്പ് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള തിരുവനന്തപുരം ജില്ലയ്ക്ക് അവരുടെ ഉന്നമന പ്രവര്‍ത്തനങ്ങള്‍ക്കായി 70 കോടി രൂപയാണ് ഈ വര്‍ഷം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് ആവശ്യമായ മത്സ്യ കുഞ്ഞുങ്ങളെ കൂടുതലായി ഉല്‍പാദിപ്പിക്കേണ്ടതുണ്ട്.12 കോടിയിലേറെ മത്സ്യക്കുഞ്ഞുങ്ങള്‍ വേണ്ടിടത്ത് രണ്ടു കോടി മാത്രമാണുള്ളത്. ഈ വര്‍ഷം അതു നാലര കോടി എന്ന ലക്ഷ്യത്തിലെത്തിക്കാന്‍ ഫിഷറീസ് വകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ പരിമിതികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ഇടപെടല്‍ നടത്തും. അഞ്ചു വര്‍ഷം കൊണ്ട് മത്സ്യ കൃഷി വികസവും ഉദ്പാദനവും നടത്തും.കൂടുകൃഷിയും മറ്റ് മാതൃകകളും ശാസ്ത്രീയമായി പരീക്ഷിക്കും.മത്സ്യവും പച്ചക്കറിയും സംയുക്തമായി വിളയിക്കുന്ന അക്വാഫോണിക്‌സ് പദ്ധതിക്ക് കരുത്തു പകരുമെന്നും മന്ത്രി പറഞ്ഞു.
വിഷരഹിതമായ മത്സ്യം പൊതുമാര്‍ക്കറ്റില്‍ ലഭ്യമാക്കുന്നതിനായി നമ്മുടെ ജില്ലയിലെ മത്സ്യം നമ്മുടെ ചന്തയില്‍ എന്ന പദ്ധതി ആരംഭിക്കും. പാളയം മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനു തിരുവനന്തപുരം കോര്‍പറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അഞ്ചു മാസത്തിനുള്ളില്‍ ആധുനീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പാളയം ചന്ത മാതൃകാ മാര്‍ക്കറ്റാക്കും.മത്സ്യം തലച്ചുമടായി വീടുകളില്‍ എത്തിച്ചു വില്‍ക്കുന്നതിനു പകരം മത്സ്യത്തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും സഹായകമായ വിധത്തില്‍ ഓരോ പഞ്ചായത്തിലും പോയിന്റുകള്‍ കണ്ടെത്തി മില്‍മാ ബൂത്തുമാതൃകയില്‍ മത്സ്യ ബൂത്തുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയാറെടുത്തു വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് മത്സ്യം കേടാകാതെ വില്‍ക്കുന്നതിന് സൂക്ഷിക്കാനായുള്ള ഐസ് ബോക്‌സുകളുടെ വിതരണം വരും വര്‍ഷത്തില്‍ വിപുലമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. മത്സ്യം ഉണക്കിസൂക്ഷിക്കുന്നതിന് ശാസ്ത്രീയ സംവിധാനത്തിലുള്ള ഡ്രൈയറുകള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്, ഫിഷറീസ് അധികൃതര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."