ദേശീയ ചെസ് ടൂര്‍ണമെന്റ്: ബാലഗണേശനും അബ്ദുല്ല എം. നിസ്താറും മുന്നില്‍
തൃശൂര്‍: തൃശൂര്‍ കാസ്പറോവ് ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങിയ ഫിഡേ റേറ്റിങ് 16നു താഴെയുള്ളവര്‍ക്കായുള്ള ദേശീയ ചെസ് ടൂണ്‍ണമെന്റില്‍ കേരളത്തില്‍ നിന്നുള്ള ബാലഗണേശനും(മലപ്പുറം), അബ്ദുല്ല എം. നിസ്താറും(കൊല്ലം) മുന്നിലെത്തി. ആകെ ഒമ്പത് റൗണ്ടുകളുള്ള മത്സരത്തില്‍ ആറു റൗണ്ടാണ് പൂര്‍ത്തിയായിട്ടുള്ളത്. പോള്‍സണ്‍ ഫ്രെഞ്ചി, ഡി. അരുണ്‍(കേരളം), ജഗദീശ്വരന്‍, ടി.എന്‍ സന്തോഷ്, ഷണ്‍മുഖസുന്ദരം(തമിഴ്‌നാട്) എന്നിവര്‍ അഞ്ചര പോയിന്റോടെ തൊട്ടു പിന്നിലുണ്ട്. അഞ്ചു പോയിന്റുമായി 23 പേര്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു. ഇന്നു മൂന്നു റൗണ്ടു മത്സരം കൂടി നടക്കും. ആകെ 432 പേര്‍ മത്സര രംഗത്തുണ്ട്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണു കൂടുതല്‍ മത്സരാര്‍ഥികള്‍ ഉള്ളത്. 150 പേര്‍ കര്‍ണാടകയില്‍നിന്നും 30 പേര്‍ ആന്ധ്രയില്‍നിന്നും 20 പേര്‍ പോണ്ടിച്ചേരിയില്‍നിന്നും 10 പേര്‍ തെലങ്കാനയില്‍നിന്നും മത്സരത്തിനെത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡ്, ഒഡിഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നു.
ഒമ്പതു വയസിനു താഴെ 19 പേരും 60 വയസിനു മേലെ 35 പേരും മത്സരരംഗത്തുണ്ട്. മൊത്തം മൂന്ന് ലക്ഷം പ്രൈസ് മണി വിജയികള്‍ക്ക് നല്‍കും. വിവിധ വിഭാഗങ്ങളില്‍ ജേതാക്കള്‍ക്ക് 30,000 രൂപ വീതവും ട്രോഫിയുമാണ് നല്‍കുക. മികച്ച വനിത, മികച്ച വെറ്ററന്‍, മികച്ച തൃശൂര്‍, മികച്ച കേരള, മികച്ച തമിഴ്‌നാട്, 15 വയസിനു താഴെ, 12 വയസിനു താഴെ, ഒമ്പതു വയസിനു താഴെ എന്നിങ്ങനെയുള്ള താരങ്ങള്‍ക്കും പ്രത്യേക കാഷ് പ്രൈസും ട്രോഫിയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."