ഇതിഹാസമില്ലാതെ ചരിത്രമെഴുതാന്‍ സ്വീഡന്‍
1908 ല്‍ തുടങ്ങുന്നതാണ് സ്വീഡന്റെ ഫുട്‌ബോള്‍ ചരിത്രം. അവിടുന്ന് ഇന്നത്തേക്ക് 110 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടുണ്ട്, ഒരു നൂറ്റാണ്ടിലധികം കാലം. ഇതിനിടക്ക് സ്വീഡന്‍ 11 തവണ ലോകകപ്പിനു വേണ്ടി കളത്തിലിറങ്ങി. ഇക്കാലത്തൊന്നും സ്വീഡനില്‍ പേരുകേട്ടൊരു ഫുട്‌ബോള്‍ താരത്തെ ലോകം കണ്ടിട്ടില്ല. 1990 കള്‍ക്ക് ശേഷം സ്വീഡിഷ് ഫുട്‌ബോളിന്റെ നെടുംതൂണായി വന്ന സ്ലാറ്റന്‍ ഇബ്രാഹീമോവിച്ചില്ലാതെയാണ് ഇത്തവണ സ്വീഡന്‍ റഷ്യയിലേക്ക് വണ്ടി കയറുന്നത്.
സ്വീഡിഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ പേരും പെരുമയുമുള്ള ഏറ്റവും പ്രധാനപ്പെട്ട താരമാണ് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്. താരത്തെ ടീമുലുള്‍പ്പെടുത്തുന്നതിന് വേണ്ടി സ്വീഡിഷ് മാനേജര്‍ അവസാനം വരെ ശ്രമിച്ചെങ്കിലും താരത്തിന്റെ പരുക്ക് വിനയാവുകയായിരുന്നു. 36 കാരനായ സ്ലാറ്റന് കളിക്കാന്‍ ഇനിയൊരങ്കം ബാക്കിയുണ്ടെന്ന് തെളിയിക്കുന്നതാണ് നിലവിലെ ഓരോ പ്രകടനങ്ങളും.
1990 അജാക്‌സിന് വേണ്ടി പന്തു തട്ടിത്തുടങ്ങിയ സ്ലാറ്റന്‍ ലോകത്തെ പ്രധാനപ്പെട്ട ലീഗുകളിലെല്ലാം കളിച്ച് കരുത്ത് തെളിയിച്ചയാളാണ്. ഇറ്റാലിയന്‍ ലീഗ്, പ്രീമിയര്‍ ലീഗ്, ഫ്രഞ്ച് ലീഗ്, ലാ ലിഗ എന്നിവയിലും നിലവില്‍ അമേരിക്കല്‍ ലീഗിലും കളിക്കുന്നുണ്ട് താരം. പരിചയ സമ്പത്തുള്ള ഈ താരത്തിന്റെ അഭാവം ലോകകപ്പില്‍ സ്വീഡന്‍ ടീമില്‍ മുഴച്ചു കാണും എന്നുറപ്പാണ്. മൂന്ന് തവണ സ്വീഡന്റെ ലോകകപ്പ് സംഘത്തിനൊപ്പം സ്ലാറ്റന്‍ ഉണ്ടായിരുന്നപ്പോള്‍ മാത്രമായിരുന്നു ഫുട്‌ബോള്‍ ഭൂപടത്തില്‍ സ്വീഡന്റെ പേര് തെളിഞ്ഞു കണ്ടത്. 1934ലാണ് സ്വീഡന്‍ തങ്ങളുടെ ആദ്യത്തെ ലോകകപ്പ് അരങ്ങേറ്റം കുറിക്കുന്നത്. അന്ന് പ്രാഥമിക റൗണ്ട് കടന്നില്ലെങ്കിലും ആദ്യ ലോകകപ്പില്‍ പങ്കെടുത്തതിന്റെ ചാരിതാര്‍ഥ്യവുമായിട്ടായിരുന്നു സംഘം നാട്ടില്‍ തിരിച്ചെത്തിയത്. അതിന് ശേഷം 11 ലോകകപ്പുകളില്‍ സ്വീഡന്‍ സാന്നിധ്യമറിയിച്ചു. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ രണ്ടാം സ്ഥാനവും 1950, 1994 ലോകകപ്പുകളില്‍ മൂന്നാം സ്ഥാനവും ഡ്വീഡന്‍ നേടി. 1938ല്‍ നടന്ന ലോകകപ്പില്‍ നാലാം സ്ഥാനത്തെത്താനും സ്വീഡനായി. ലോക ഫുട്‌ബോളില്‍ വ്യക്തമായ മേല്‍വിലാസമുണ്ടായിരുന്നിട്ടും സ്വീഡനില്‍നിന്ന് കൂടുതല്‍ ഇബ്രാഹീമോവിച്ചുമാരെ സ്വീഡനും ലോക ഫുട്‌ബോളിനും ലഭിച്ചിട്ടില്ല എന്നതാണ് സത്യം.
1992ല്‍ യൂറോകപ്പിന്റെ സെമി ഫൈനലിലെത്തിയതും സ്വീഡന്റെ ഫുട്‌ബോളിലെ മികച്ച നേട്ടമാണ്. ഇക്കാലത്ത് ഇബ്രാഹീമോവിച്ച് ടീമിന്റെ നട്ടെല്ലായിരുന്ന കാലമായിരുന്നു. സ്ലാട്ടനൊപ്പം കളിച്ചിരുന്ന ഹെന്‍ട്രിക് ലാര്‍സന്‍, ഫെഡ്രിറിക് ഹെങ്ബര്‍ട്ട് എന്നിവരുണ്ടായിട്ടും ലോക ഫുട്‌ബോളില്‍ എന്നും സ്ലാറ്റന്റെ പേരുമാത്രം ഉയര്‍ന്ന് കേട്ടു. കൃത്യതയാര്‍ന്ന ബൈസിക്കിള്‍ കിക്കിന്റെ പേരിലായിരുന്നു ലോകം എന്നും സ്ലാറ്റനെ കണ്ടിരുന്നത്. 1908ല്‍ നോര്‍വേയുമായിട്ടായിരുന്നു സ്വീഡന്റെ ആദ്യ അന്താരാഷ്ട്ര മത്സരം. 11-3 എന്ന വമ്പന്‍ സ്‌കോറിനാണ് സ്വീഡന്‍ ആദ്യത്തെ കളിയും ജയിച്ച് കളംവിട്ടത്. എന്നാല്‍ പിന്നീട് വന്ന ഒളിംപിക്‌സില്‍ ബ്രിട്ടനുമായി ഏറ്റുമുട്ടിയപ്പോള്‍ 1-12 എന്ന സ്‌കോറിന് സ്വീഡന്‍ പരാജയപ്പെടുകയും ചെയ്തു. 1938 ലോകകപ്പില്‍നിന്ന് ഗ്രൂപ്പിലുണ്ടായിരുന്ന ആസ്ട്രിയ പിന്മാറിയതിനെ തുടര്‍ന്ന് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ക്യൂബയുമായി കളിച്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ 8-0 എന്ന സ്‌കോറിന് സ്വീഡന്‍ ജയം സ്വന്തമാക്കി. ഇതേ ലോകകപ്പില്‍ തന്നെ ബ്രസീലിനോട് പരാജയപ്പെട്ടാണ് സ്വീഡന്റെ ആദ്യത്തെ ലോകകപ്പ് മോഹം പൊലിഞ്ഞത്.
കളിക്കാരുടെ വേതനത്തെച്ചൊല്ലിയുള്ള തകര്‍ക്കം കാരണം 1950 ല്‍ നടന്ന ലോകകപ്പില്‍ സ്വീഡന്‍ തങ്ങളുടെ താരങ്ങളെയൊന്നും ലോകകപ്പില്‍ കളിക്കാന്‍ സമ്മതിച്ചില്ല.
പിന്നീട് വേതനം ആഗ്രഹിക്കാത്ത താരങ്ങളുമായിട്ടായിരുന്നു സ്വീഡന്‍ ലോകകപ്പിനെത്തിയത്. ഇന്ത്യയുള്‍പ്പെടെയുള്ള ഗ്രൂപ്പിലായിരുന്നു സ്വീഡന്‍ അന്നുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീം പിന്മാറിയതോടെ പരാഗ്വയും സ്വീഡനും ഇറ്റലിയും മാത്രമായി ഗ്രൂപ്പില്‍. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനം കാരണം സ്വീഡന്‍ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. ബ്രസീലിലെ മറക്കാന സ്റ്റേഡിയത്തില്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കാണികളായ 1, 38,000 പേരുടെ മുന്നില്‍ സ്വീഡന്റെയും ബ്രസീലിന്റെയും പ്രീക്വാര്‍ട്ടര്‍ മത്സരം നടന്നു. എന്നാല്‍ 7-1 സ്‌കോറിന് ബ്രസീല്‍ ജയം സ്വന്തമാക്കി സ്വീഡന്റെ ലോകകപ്പ് മോഹങ്ങള്‍ മറക്കാനയില്‍ അന്ത്യം കുറിപ്പിച്ചു.
2002 ലോകകപ്പില്‍ അര്‍ജന്റീന, ഇംഗ്ലണ്ട്, നൈജീരിയ എന്നിവരടങ്ങുന്ന മരണ ഗ്രൂപ്പിലായിരുന്നിട്ട് പോലും സ്വീഡന്‍ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. പ്രീക്വാര്‍ട്ടറില്‍ ഹെന്‍ട്രിക് ലാര്‍സന്‍, ഇബ്രാഹീമോവിച്ച് എന്നിവര്‍ സെനഗലിനെതിരേ പൊരുതി നോക്കിയെങ്കില്‍ ക്വാര്‍ട്ടറില്‍ കടക്കാനാകാതെ ആ സ്വപ്നവും പൊലിഞ്ഞു. 2006 ലോകകപ്പില്‍ ജര്‍മനി, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, പരാഗ്വയ് എന്നിവരടങ്ങുന്ന ടീമിലായിരുന്നു സ്വീഡനുണ്ടായിരുന്നത്. എന്നാല്‍ പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ തന്നെ പുറത്തായതിനാല്‍ കൂടുതലൊന്നും നേടാതെ ആ ലോകകപ്പില്‍ നിന്നും പുറത്തായി. ഒരുപാട് പ്രതീക്ഷകളുമായിട്ടാണ് സ്വീഡന്‍ റഷ്യയിലേക്ക് വണ്ടി കയറുന്നത്. പരിശീലകന്‍ ജെന്നെ ആന്‍ഡേഴ്‌സന്‍ മികച്ച ടീമിനെ തന്നെ ഒരുക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. തങ്ങളുടെ എക്കാലത്തെയും മികച്ച ലോകകപ്പ് സംഘമായിരിക്കുമെന്നും ആന്‍ഡേഴ്‌സന്‍ പ്രസ്താവിച്ചു കഴിഞ്ഞു. പക്ഷെ തങ്ങളുടെ ഇതിഹാസ താരമായി സ്ലാറ്റന് ടീമിനൊപ്പം ചേരാനാകാത്തതിലുള്ള ദു:ഖവും അദ്ദേഹം പങ്കുവക്കുന്നുണ്ട്. ജര്‍മനി, മെക്‌സിക്കോ, കൊറിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എഫിലാണ് സ്വീഡനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."