കുടുംബ ബന്ധങ്ങളിലെ മൂല്യത്തകര്‍ച്ച പരിഹരിക്കണം: വനിതാ കമ്മിഷന്‍
കാസര്‍കോട്: കുടുംബബന്ധങ്ങളിലെ മൂല്യത്തകര്‍ച്ച പരിഹരിക്കണമെന്നും രക്തബന്ധങ്ങളേക്കാള്‍ വില പണത്തിനു നല്‍കുന്ന പ്രവണത സമൂഹത്തില്‍ നിന്നു നീക്കപ്പെടണമെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. നൂര്‍ബീന റഷീദ്. കാസര്‍കോട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതികള്‍ കേട്ട ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ആകെ 52 പരാതികളാണ് കമ്മിഷന്‍ പരിഗണിച്ചത്. ഇവയില്‍ പലതും കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങളായിരുന്നു.
ജോലി സ്ഥലത്തെ ചൂഷണങ്ങള്‍, സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, മൊബൈല്‍ ഫോണ്‍ ദുരുപയോഗം തുടങ്ങിയ കേസുകളും പരിഗണനയ്ക്കു വന്നു.
ലഭിച്ച പരാതികളില്‍ പതിനെട്ട് എണ്ണത്തിന് തീര്‍പ്പ് കല്‍പ്പിച്ചു. പൊലിസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള 13 പരാതികളും ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്ന നാലു പരാതികളും കൈമാറിയതായി കമ്മിഷന്‍ അറിയിച്ചു. മൂന്നു പരാതി കൗണ്‍സിലിംഗിനു അയക്കാനും വരുന്ന അദാലത്തിലേക്കായി 13 പരാതികള്‍ വീണ്ടും പരിഗണിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."