കൊയിലാണ്ടി ജയില്‍ വളപ്പില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍
കൊയിലാണ്ടി: 'നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, അതികാലത്തെഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂവിടരുകയും... എന്നു നോക്കാം...' സിനിമയിലെ ഡയലോഗ് മാറ്റിപ്പറഞ്ഞു തുടങ്ങിയിട്ടുണ്ട് മലയാളികള്‍. കാരണം നഗരഹൃദയങ്ങളില്‍ പോലും മുന്തിരിവള്ളികള്‍ പടര്‍ന്നുതുടങ്ങിയിട്ടുണ്ട്.
കൊയിലാണ്ടിയിലെ ജയില്‍വളപ്പില്‍ നൂറുമേനി വിളവെടുത്ത നിര്‍വൃതിയിലാണ് കൊയിലാണ്ടി സബ്ജയില്‍ സൂപ്രണ്ടും ജീവനക്കാരും. ബംഗളൂരു റോസ് മുന്തിരിയാണ് കൃഷിയിറക്കി വിളവെടുത്തത്. രാപകലില്ലാതെ അന്തേവാസികള്‍ക്ക് കാവലിരിക്കുന്നതിനിടയിലും തൊഴിലിടം കൃഷിയിടമാക്കി മാറ്റിയ ആത്മസംതൃപ്തിയിലുമാണ് കൊയിലാണ്ടി സബ് ജയിലിലെ സുരക്ഷാ ജീവനക്കാര്‍. സര്‍ക്കാര്‍ കാര്യാലയങ്ങളിലെ കൃത്യനിര്‍വഹണത്തോടൊപ്പം ഒഴിവുസമയങ്ങളിലെ കൂട്ടായ്മയിലൂടെ വിഷമുക്ത ജൈവപച്ചക്കറി എന്ന ആശയത്തിന് ആക്കം കൂട്ടുകയാണിവര്‍.
ജയില്‍ മുറ്റത്തെ കറുത്ത മണ്ണില്‍ മുന്തിരിവള്ളികള്‍ തളിര്‍ത്തുലയുകയാണിപ്പോള്‍. ഏഴു മാസം മുന്‍പാണ് ജയില്‍വളപ്പില്‍ രണ്ട് മുന്തിരിവള്ളികള്‍ നട്ടുപിടിപ്പിച്ചത്. പടര്‍ന്ന് പന്തലിച്ച വള്ളികളില്‍ ഇപ്പോള്‍ നൂറിലേറെ കൊതിയൂറുന്ന മുന്തിരിക്കുലകള്‍ വിരിഞ്ഞ് ജയിലിടത്തിന് കുളിര്‍മ പകരുന്നു. കുലകള്‍ ഏറെയും പാകമായിക്കഴിഞ്ഞു. ബംഗളൂരു റോസ് ഇനത്തില്‍പെട്ട ഇവയ്ക്ക് കൂടുതല്‍ മാധുര്യമേറും. വിപണിയില്‍ കിലോഗ്രാമിന് 80 മുതല്‍ 100 രൂപവരെ വിലയുണ്ട്. ജൈവ രീതിയിലാണ് കൃഷി നടത്തിയത്. എല്ലുപൊടിക്ക് പുറമെ ചാണകം, ഗോമൂത്രം, കടലപ്പിണ്ണാക്ക് എന്നിവ മിശ്രിതമാക്കി ജാറില്‍വച്ച് മൂന്നുദിവസം പുളിപ്പിച്ച ശേഷം ലഭിക്കുന്ന നേര്‍ത്ത ദ്രാവകമാണ് വള്ളികള്‍ക്ക് പ്രധാന വളമായി നല്‍കുന്നത്. രണ്ടാഴ്ച ഇടവിട്ടാണ് വളപ്രയോഗം.
ജയില്‍ സൂപ്രണ്ട് ടി.ഒ അബ്ദുല്ലയുടെ മേല്‍നോട്ടത്തില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ജൈവപച്ചക്കറി വിളയിച്ചെടുക്കുക എന്ന പരീക്ഷണം തുടങ്ങിയത്. തുടര്‍ന്ന് പരിമിതമായ 36 സെന്റ് വരുന്ന ജയില്‍ വളപ്പിലെ മൂന്നു സെന്റ് ഭൂമിയില്‍ ജീവനക്കാരുടെയും അന്തേവാസികളുടെയും കൂട്ടായ്മയില്‍ കൃഷിയിറക്കുകയും ചെയ്തു. തക്കാളി, വെണ്ട, കാബേജ്, ക്വാളിഫ്‌ളവര്‍, വഴുതന, ചീര, പയര്‍, പച്ചമുളക് തുടങ്ങിയവ കൃഷിയിടത്തില്‍ തഴച്ച് വളര്‍ന്നതോടെ അധ്വാനഫലം നൂറുമേനിയില്‍ തന്നെ കൊയ്‌തെടുത്തു. എല്ലാം ജയിലിലെ ഭക്ഷണത്തിനു വേണ്ടിയാണ് ഉപയോഗിച്ചത്.
തുടര്‍ന്നാണ് മുന്തിരി പരിപാലനത്തിലേക്ക് തിരിഞ്ഞത്. സ്ഥലപരിമിതി കാരണം കെട്ടിടത്തിന്റെ ടെറസില്‍ കൂടുതല്‍ പച്ചക്കറി കൃഷി നടത്താനുള്ള തയാറെടുപ്പിലാണ് ജീവനക്കാര്‍. ജയിലിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനു വേണ്ടി മൂന്നു ലക്ഷം രൂപ ധനസഹായമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷിവകുപ്പിന് അപേക്ഷ സമര്‍പ്പിച്ചിരിക്കയാണെന്ന് സൂപ്രണ്ട് ടി.ഒ അബ്ദുല്ല പറഞ്ഞു.
കൃഷി പരിപാലനത്തിന്റെ ചുമതല വഹിക്കുന്നത് അസിസ്റ്റന്റ് പ്രിസണ്‍ ഒഫിസറായ സി.പി സമീര്‍ ആണ്. ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരായ സി.ടി ബാബു, വി.വി ഷിജിത്ത്, അസി. പ്രിസണ്‍ ഓഫിസര്‍മാരായ പി.എം രാജേഷ്, ഇ.വി ജിജേഷ്, വിനോദ് കുമാര്‍, കെ. പ്രിജിത്ത്, ടി.എം പ്രബീഷ്, ടി. സെജിദ്, പി.വി നിധീഷ്, ബിബിന്‍ എന്നിവരും കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."