കോട്ടപ്പറമ്പ് ആശുപത്രി പ്രസവവിഭാഗം നവീകരിക്കും: മന്ത്രി ശൈലജ
കോഴിക്കോട്: കോട്ടപ്പറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവവിഭാഗത്തിന്റെ നവീകരണത്തിന് ഒന്നേകാല്‍ കോടി രൂപ കൂടി നീക്കിവച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
പ്രധാനപ്പെട്ട ഡെലിവെറി പോയിന്റുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണു കോട്ടപ്പറമ്പ് ആശുപത്രിക്ക് ഈ തുക നല്‍കുന്നത്. ഇതിന്റെ ഭാഗമായി പ്രസവവാര്‍ഡും ഓപറേഷന്‍ തിയറ്ററും ന്യൂബോണ്‍ ഐ.സി.യും നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
10 കോടിയുടെ എന്‍.ആര്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന എം.സി.എച്ച് ബ്ലോക്കിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടപ്പറമ്പ് ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തൈക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ അതേ സംവിധാനങ്ങളും സ്റ്റാഫ് പറ്റേണും ഇവിടെയും നടപ്പാക്കാനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഈ സര്‍ക്കാര്‍ കാലയളവില്‍ ആരോഗ്യവകുപ്പില്‍ 4200 തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ട്.
കൂടുതല്‍ നഴ്‌സുമാരെയും മറ്റു ജീവനക്കാരെയും നിയമിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയുടെ പശ്ചാത്തലത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതിയാണ് തടസമെന്നും മന്ത്രി പറഞ്ഞു.
എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ അഡിഷണല്‍ മെഡിക്കല്‍ ഓഫിസര്‍ ആശാദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല സംബന്ധിച്ചു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിത സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി രമേശന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."