പരാധീനതകളുമായി സുല്‍ത്താന്‍പേട്ട ജങ്ഷന്‍
പാലക്കാട്: നഗരത്തിലെ പ്രധാന നാല്‍ക്കവലയായ സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍ പതിറ്റാണ്ടുകളായി പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു. തിരക്കേറിയ കവലയായിട്ടും ഇവിടത്തെ റോഡുകളിലെ അസൗകര്യങ്ങളോ കാല്‍നടയാത്രക്കാരുടെ പ്രശ്‌നങ്ങളോ ഭരണകൂടം അറിഞ്ഞ മട്ടില്ല.
പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന മാന്വല്‍ സംവിധാനം ഓട്ടോ മാറ്റിക് സിഗ്നല്‍ സംവിധാനങ്ങള്‍ക്ക് വഴിമാറിയെങ്കിലും ഇവിടത്തെ പഴയ പൊലിസ് കണ്‍ട്രോള്‍ റൂം ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുകയാണ്. ഹെഡ്‌പോസ്റ്റോഫീസ് റോഡില്‍ നിന്നും സ്റ്റേഡിയം റോഡിലേക്ക് തിരിയുന്നിടത്താണ് വര്‍ഷങ്ങളായി പൊലിസുകാര്‍ നേരത്തെ സിഗ്നല്‍ സംവിധാനം നിയന്ത്രിച്ചിരുന്നത്. ഇതിനു സമീപത്ത് നാലടിയോളം ഉയരത്തിലുള്ള മറ്റൊരു ടെലഫോണ്‍ ബോക്‌സും ഇവിടെ വഴി മുടക്കിയായിക്കിടക്കുകയാണ്.
ഇതു രണ്ടും ഇവിടന്നു പൊളിച്ചുമാറ്റുകയാണെങ്കില്‍ എച്ച്.പി.ഒ റോഡുഭാഗത്തുനിന്നും വരുന്ന ബസുകളടക്കമുള്ള വാഹനങ്ങള്‍ക്കു സുഗമമായി തിരിഞ്ഞുപോകാനാവും. ഇതിനു പുറമെയാണ് ജി.ബി. റോഡിലേക്കു തിരിയുന്നിടത്തെ തകര്‍ന്ന നടപ്പാതകള്‍ കാല്‍നടയാത്രക്കാര്‍ക്കു ദുരിതം തീര്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ടൈല്‍സ് പതിച്ച തറയുടെ ഒരു ഭാഗമാണ് മാസങ്ങളായി പ്രതലം താഴ്ന്ന ടൈലുകള്‍ ചിതറിക്കിടക്കുന്നത്. ഇതുമൂലം യാത്രക്കാര്‍ പലപ്പോഴും തെന്നി വീഴുന്ന സ്ഥിതിയാണുള്ളത്. ഇടക്കാലത്തുണ്ടായ ഗതാഗത പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ജംഗ്ഷനില്‍ റൈറ്റ് ടേണ്‍ എടുത്തുകളഞ്ഞതാണ് വാഹനയാത്രക്കാരുടെ മറ്റൊരു ദുരിതം.
2014 ലെ കലോത്സവത്തിന്റെ ഭാഗമായി സുല്‍ത്താന്‍പേട്ട കവല ഫ്രീ ട്രാഫിക് സോണ്‍ (സ്വതന്ത്ര സഞ്ചാര മേഖല) ആയി പ്രഖ്യാപിച്ചെങ്കിലും ഇവിടെയിപ്പോഴും വാഹനയാത്ര ദുഷ്‌കരമാണ്.
സുഗമമായി വലത്തോട്ട് തിരിയാവുന്ന സംവിധാനമുണ്ടെങ്കിലും പോക്കറ്റ് റോഡിലൂടെയുള്ള കടന്നുകയറ്റം മറ്റു വാഹനങ്ങള്‍ക്ക് വിനയാവുകയാണ്. സ്റ്റേഡിയം റോഡിലെ ഇരുഭാഗത്തുമുള്ള നടപ്പാതകള്‍ കാലങ്ങളായി തകര്‍ന്നതുമൂലം കാല്‍നടയാത്രക്കാര്‍ നട്ടെല്ലൊടിയാന്‍ വിധിക്കപ്പെട്ടവരാണ്.
ഇവിടെ നടപ്പാതകളില്‍ ബാരിക്കേഡില്ലാത്തതിനാല്‍ യാത്രക്കാര്‍ റോഡിലിറങ്ങി നടക്കുന്നത് പലപ്പോഴും അപകടത്തിനിടയാക്കുന്നു. സമീപത്തെ സഹകരണ ബാങ്കിനു മുന്നില്‍ അശാസ്ത്രീയമായി സ്ഥാപിച്ച സിഗ്നല്‍ സംവിധാനവും ഗുണത്തേക്കാളേറെ കവലയിലെ നടപ്പാതകള്‍ കഴിഞ്ഞ ഡിസംബറില്‍ നന്നാക്കുമെന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും അത് പഴങ്കഥയായ മട്ടാണ്.
നഗരത്തിന്റെ ഹൃദയഭാഗമായ സുല്‍ത്താന്‍പേട്ട കവലയിലെ പരാധീനതകള്‍ പരിഹരിച്ച് കാല്‍നടയാത്രയും വാഹനയാത്രയും സുഗമമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."