കല്‍പാത്തി പുഴയിലെ മൂന്നോളം തടയണകള്‍ തകര്‍ച്ചാ ഭീഷണിയില്‍
അകത്തേത്തറ: കല്‍പാത്തി പുഴയില്‍ കടുക്കാം കുന്നം, അകത്തേത്തറ ആണ്ടിമഠം, ഗോവിന്ദരാജപുരം തടയണകള്‍ തകര്‍ച്ചാ ഭീഷണിയിലെന്നു ജലവിഭവവകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട്. മൂന്നു തടയണകളും അടിയന്തിരമായി നവീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ശക്തമായ ഒഴുക്കുണ്ടായാല്‍ തടയണകള്‍ ഒഴുകിപ്പോകാന്‍ സാധ്യത ഏറെയെന്നും വിദഗ്ധര്‍ പറയുന്നു. 110 മീറ്റര്‍ നീളമുള്ള കടുക്കാംകുന്നം തടയണയുടെ അടിത്തറ അതീവ ദുര്‍ബലമാണ്. ഷട്ടറുകള്‍ ഇല്ല മണല്‍ ചാക്കുകള്‍ അടുക്കിവച്ചാണു വെള്ളം കെട്ടിനിര്‍ത്തുന്നത്. ചോര്‍ച്ചകാരണം വേണ്ടത്ര ജലം സംഭരിക്കാനാകുന്നില്ല.
തടയണ പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അകത്തേത്തറ ആണ്ടിമഠത്തിലുള്ള തടയണ തകര്‍ത്തതിനുശേഷം പുനര്‍ നിര്‍മിച്ചിട്ടില്ല. 2005 ലെ മഴക്കാലത്തു പുഴയില്‍ പൊടുന്നനെ വെള്ളം പൊങ്ങിയപ്പോള്‍ ഒഴുക്കിക്കളയാനായി ചെക്ക്ഡാമിന്റെ ഒരുവശം പൊളിച്ചെങ്കിലും പിന്നീട് അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. 110 മീറ്ററാണു തടയണയുടെ നീളം തടയണയുടെ ഒരു ഭാഗം പൂര്‍ണമായും പുനര്‍നിര്‍മിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
65 ലക്ഷം രൂപയാണു ചെലവു കണക്കാക്കുന്നത്. ഗോവിന്ദരാജപുരം തടയണയില്‍ നിലവില്‍ ഷട്ടറുകള്‍ ഇല്ല. അടിത്തട്ടു മുതല്‍ തടയണയുടെ മുകള്‍ഭാഗം വരെ തകര്‍ച്ചാ ഭീഷണിയിലാണ് അറ്റകുറ്റപ്പണിക്കായി ഏകദേശം 20 ലക്ഷം രൂപ വേണ്ടി വരും.
ഈ മൂന്നു തടയണകളും കേടുപാടുകള്‍ തീര്‍ത്ത് ജലസംഭരണികളായാല്‍ മാത്രമേ കല്‍പ്പാത്തിപുഴയില്‍ ജലം നിലനിര്‍ത്താനാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."