വയോമിത്രം പദ്ധതി ആരംഭിച്ചു
ഒളവണ്ണ: വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം എന്ന ആശയത്തോടെ കേരള സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ബ്ലോക്കുതല സംസ്ഥാന ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ശാരീരിക മാനസികസാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സാമൂഹ്യസുരക്ഷാ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് വയോമിത്രം.
2011 മാര്‍ച്ച് മാസത്തില്‍ കൊല്ലം നഗരസഭയില്‍ ആരംഭിച്ച പദ്ധതി നിലവില്‍ 88 നഗരസഭകളില്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തി പദ്ധതി പ്രദേശത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാസത്തില്‍ രണ്ടുതവണ 65 വയസു കഴിഞ്ഞവര്‍ക്ക് സൗജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവും നടത്തും. മെഡിക്കല്‍ ഓഫിസറെ കൂടാതെ സ്റ്റാഫ് നഴ്‌സ്, ജെ.പി.എച്ച്.എന്‍ എന്നിവരടങ്ങുന്ന സംഘമാണ് ക്യാംപിനു നേതൃത്വം നല്‍കുക.
പദ്ധതിയുടെ രണ്ടാംഘട്ടമായി ബ്ലോക്കുതലത്തിലേക്ക് വ്യാപിപ്പിച്ച് ഗ്രാമങ്ങളിലേക്ക് സേവനം നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. സാമൂഹ്യസുരക്ഷാ മിഷന്‍ ഡയരക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി ഹസീന, ഭാനുമതി കക്കാട്ട്, വയോജന സംസ്ഥാന കൗണ്‍സില്‍ അംഗം ടി. ദേവി, പി. മിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."