വയനാടന്‍ വോളിബോളിനെ ഇന്റര്‍നാഷനലാക്കി ആര്യ
കോട്ടത്തറ: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവശക്തി കോട്ടത്തറ നടത്തിയ വോളിബോള്‍ ക്യാംപില്‍ പങ്കെടുക്കുമ്പോള്‍ ഏഴാംതരക്കാരിയായ ആര്യ ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ ആര്യയില്‍ ഒരു വോളി താരം ഒളിഞ്ഞിരിക്കുന്നത് കണ്ട കോച്ച് എം.ബി ശിവന്‍ ഇതില്‍ക്കൂടുതലാണ് പ്രതീക്ഷിച്ചത്. അങ്ങിനെ കോച്ചിന്റെ പ്രതീക്ഷകള്‍ ഓരോന്നായി ചവിട്ടിക്കയറുകയാണ് കോട്ടത്തറക്കാരി എ.എസ് ആര്യ. ഇന്ന് ആര്യയുടെ നേട്ടങ്ങള്‍ എത്തി നില്‍ക്കുന്നത് ജൂനിയര്‍ വോളിബോളിന്റെ ദേശീയ കുപ്പായത്തിലാണ്.
കൗണ്ടര്‍ അറ്റാക്കില്‍ മാസ്മരികത തീര്‍ക്കുന്ന ആര്യ ഭാവിയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലും ജ്വലിച്ച് നില്‍ക്കുമെന്നാണ് കോച്ച് സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് കുട്ടികള്‍ക്കാണ് ടീമില്‍ അവസരം ലഭിച്ചത്. അതില്‍ ഒന്നാണ് ആര്യ. ഒരുകാലത്ത് വയനാട്ടുകാരുടെ വോളിബോള്‍ വര്‍ത്തമാനങ്ങളില്‍ ആദ്യമെത്തുന്ന പേരായിരുന്നു യുവശക്തി കോട്ടത്തറ. അവരുടെ തട്ടകത്തില്‍ നിന്നാണ് ആര്യ ആദ്യം കളിപഠിച്ചത്. പിന്നീടാണ് സെന്റ് മേരീസ് കോളജ് അക്കാദമിയിലെ പരിശീലകന്‍ എം.ബി ശിവന്‍ ആര്യയെ തന്റെ അക്കാദമിയിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് തന്റെ ശിക്ഷണത്തില്‍ ആര്യയെന്ന പ്രൊഫഷനല്‍ താരത്തെ അഞ്ചുവര്‍ഷം കൊണ്ട് വളര്‍ത്തിയെടുക്കുകയായിരുന്നു ശിവന്‍.
അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് ആര്യ ചവിട്ടിക്കയറിയ പടവുകളിങ്ങനെയാണ്. ''കേരളത്തിനായി പൈക്ക ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു. സബ്ജൂനിയര്‍ കേരള ടീമിനായും മാറ്റുരച്ചു. ഈ രണ്ട് ടൂര്‍ണമെന്റുകളിലും ടീമിനെ നയിച്ചതും ആര്യയാണ്. രണ്ടുതവണ മിനിവോളിയുടെ ദേശീയ ചാംപ്യന്‍ഷിപ്പിലും കൈക്കരുത്തറിയിച്ചു''.
കഴിഞ്ഞ സബ്ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലെ മികച്ച പ്രകടനമാണ് ആര്യക്ക് ദേശീയ ടീമിലേക്ക് വഴി തെളിച്ചത്. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ് ആര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."