രോഗപ്രതിരോധം ഒരുമുഴം മുന്‍പേ
അരീക്കോട്: ജില്ലയില്‍ മഴക്കാലം എത്തുംമുന്‍പേ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധത്തിനായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നീക്കം ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജനുവരിയില്‍ മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചിരുന്നു. സിവില്‍സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഓഫിസ് പരിസരങ്ങളിലും മറ്റും ശുചീകരണം നടത്തി മാതൃകയാകാനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മഴക്കാലങ്ങളില്‍ ജില്ലയില്‍ ഭീഷണിയാകാറുള്ള വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്താനും അതിനായി രോഗാണുക്കളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് ഓരോ വാര്‍ഡിലും ഗാര്‍ഹിക തലത്തിലും സ്ഥാപനതലത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ ജില്ലയെ ഒരു പരിധിവരെ പകര്‍ച്ചവ്യാധികളില്‍നിന്നു രക്ഷപ്പെടുത്താനാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. പഞ്ചായത്തുകള്‍ക്കും മുഴുവന്‍ എച്ച്.ഒ.ഡിമാര്‍ക്കും ഇതുസംബന്ധിച്ചു പ്രത്യേക നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
25 വീടുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന തോതില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. അന്‍പതു വീടുകളിലേക്കായി നിശ്ചയിക്കുന്ന രണ്ടു വളണ്ടിയര്‍മാര്‍ ചേര്‍ന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യ സേന വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് വാര്‍ഡുതലങ്ങളിലുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തുക. ഇതിനായി പ്രത്യേക പരിശോധന നടത്തും.
ആരോഗ്യ വകുപ്പിലെ ജീവനക്കാരും വാര്‍ഡ് അംഗവുമാണ് പരിശോധനാ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുക. ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഇതിനായുള്ള പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. കിണറുകള്‍ ക്ലോറിനെയ്റ്റ് ചെയ്യുക, മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചിത്വ മാപ്പിങ് നടപ്പിലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തി പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന അറിയിച്ചു.
ആരോഗ്യ ജാഗ്രതോത്സവത്തിന്റെ ഭാഗമായി വാര്‍ഡുതലങ്ങളില്‍ അന്‍പതു കുട്ടികള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം നടത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നെങ്കിലും പലയിടങ്ങളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ല.
മഴക്കാലമാകുന്നതോടെ ജില്ലയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും പകര്‍ച്ചാവ്യാധികളുമായി എത്തുന്നവര്‍ക്കു ചികിത്സ ലഭ്യമാക്കുന്നതിനുള്ള മുഴുവന്‍ സജീകരണങ്ങളും ഒരുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."