സൗകര്യമില്ലാത്തയിടങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചാല്‍ പിടിവീഴും
കോഴിക്കോട്: വീടുകളിലും ഹോസ്റ്റലുകളിലും മറ്റുമായി വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ അനധികൃതമായി താമസിക്കുന്ന സംഭവങ്ങളില്‍ കെട്ടിട ഉടമകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി.
ആവശ്യത്തിന് ശുചിമുറികളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത ഇവിടങ്ങളില്‍ നിന്നുള്ള മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍ തൊഴിലാളികളിലും പരിസരങ്ങളിലെ സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവരിലും രോഗം പരത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
മുറികളിലെയും കെട്ടിടങ്ങളിലെയും സൗകര്യങ്ങള്‍ക്ക് താങ്ങാവുന്നതിലധികം തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്കെതിരേയാണ് പഞ്ചായത്തീരാജ് ആക്ട് പ്രകാരം നടപടിയെടുക്കുക. ഇക്കാര്യം പരിശോധിക്കുന്നതിനായി രാത്രിസമയങ്ങളിലുള്‍പ്പെടെ ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന അധികൃതരുടെയും നേതൃത്വത്തില്‍ ഇത്തരം താമസകേന്ദ്രങ്ങളില്‍ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.
ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കൊതുക് നിവാരണം ശക്തിപ്പെടുത്തുകയും ഭക്ഷണസാധനങ്ങളുടെയും പരിസരങ്ങളുടെയും വൃത്തിയുടെ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വഹണ പുരോഗതി യോഗം വിലയിരുത്തി.
യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ സി.കെ നാണു, വി.കെ.സി മമ്മദ് കോയ, ഡോ. എം.കെ മുനീര്‍, ഇ.കെ വിജയന്‍, കെ. ദാസന്‍, ജോര്‍ജ് എം. തോമസ്, പി.ടി.എ റഹീം, കാരാട്ട് റസാഖ്, പാറക്കല്‍ അബ്ദുല്ല, സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."