പെരുംതോട് വലിയതോട് പദ്ധതിക്ക് തുടക്കം
കൊടുങ്ങല്ലൂര്‍: ഹരിത കേരള മിഷന്റെ ഭാഗമായി മണ്ണിനേയും പ്രകൃതിയേയും മനുഷ്യനേയും സംരക്ഷിക്കുകഎന്ന ലക്ഷ്യത്തോടെ കയ്പമംഗലം നിയോജകമണ്ഡലത്തില്‍ നടപ്പാകുന്ന പെരുംതോട്-വലിയതോട് പദ്ധതിയുടെ സംരക്ഷണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി.
ശ്രീനാരായണപുരം തേവര്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ.ടി.ജലീല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കയ്പമംഗലം എം.എല്‍.എ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഗ്രാമീണതൊഴിലുറപ്പ് പദ്ധതി മുഖേന ആസ്തി വികസനം കൂടി ലക്ഷ്യമിടുന്ന ഭാവനപൂര്‍ണ്ണമായ പദ്ധതിയാണ് പെരുംതോട്-വലിയതോട്്് സംരക്ഷണ പദ്ധതിയെന്നും ഭാവനാശേഷിയുളള ജനപ്രതിനിധികള്‍ ഉണ്ടെങ്കില്‍ പരിമിതമായ വിഭവശേഷിക്കുളളില്‍ നിന്നും ക്രിയാത്മകമായി എന്തൊക്കെ ചെയ്യാമെന്നതിന്റെ മാതൃകയാണിതെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. ഈ വര്‍ഷം ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 800 കോടി രൂപയുടെ ആസ്തിവികസന സാധന സാമഗ്രികള്‍ മാറ്റുന്നതിനായി നീക്കിവെക്കുമെന്നും തൊഴിലാളി വേതനത്തില്‍ നിന്ന് ഒന്നും വെട്ടികുറയ്ക്കാതെ ആസ്തി വികസനത്തിന് പണം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചുവെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. പെരിഞ്ഞനം, മതിലകം, എസ്.എന്‍.പുരം, എടവിലങ്ങ്, ഏറിയാട് പഞ്ചായത്തുകളിലെ ശുദ്ധജല സ്രോതസ്സായ പെരുംതോട്-വലിയതോട് സംരക്ഷണത്തിനായി സ്ഥലം എം.എല്‍.എ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ ചെയര്‍മാന്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.അബീദലി ജനറല്‍ കണ്‍വീനര്‍, അഞ്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ കണ്‍വീനര്‍ ആയ ഒരു ജനകീയ സമിതി രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. തോടിന്റെ അവസ്ഥ സംബന്ധിച്ച ജനകീയ പഠനറിപ്പോര്‍ട്ടും തയ്യാറാക്കി 14.72 കി.മീ നീളം വരുന്ന തോടിന്റെ സമഗ്രമായ സംരക്ഷണത്തിനാണ് തുടക്കമിട്ടത്. ശുദ്ധജലം പാഴാക്കാതെ, തോട്ടിലെ പായലും ചെളിയും മാലിന്യങ്ങളും നീക്കുക, തോടിന്റെ വശങ്ങളില്‍ കയര്‍ ഭൂ വസ്ത്രം വിരിച്ച് ചെടികള്‍ വച്ചു പിടിക്കുക. ഉപതോടുകളായ പെരിഞ്ഞനം, കൂളിമുട്ടം തോട്, എസ്.എന്‍.പുരം, നെല്‍പിണി തോട്, പത്താഴക്കാട്, എടവിലങ്ങ് ഏറിയാട് ഉപതോട്, കുളങ്ങള്‍, ചിറകള്‍ തുടങ്ങിയവയുടെ സംരക്ഷണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തികൊണ്ടാണ് ഈ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.
പദ്ധതിപ്രവര്‍ത്തനവുമായി വിദ്യാലയങ്ങള്‍, യുവജനസംഘടനകള്‍, കുടുംബശ്രീ, ഔദ്യോഗിക സംവിധാനങ്ങള്‍ എന്നിവയേയും കൂട്ടിയോജിപ്പിക്കും. അത്തരത്തില്‍ ജനകീയ ഔദ്യോഗിക പങ്കാളിത്തതോടെ ഹരിതകേരള മിഷന്‍ വിഭാവനം ചെയ്യുന്ന വിധത്തിലുളള മാതൃക പദ്ധതിയായി കയ്പമംഗലം പെരുംതോട്-വലിയതോട് സംരക്ഷണ പദ്ധതിയെ മാറ്റുക കൂടിയാണ് ജനകീയ സമിതിയുടെ ലക്ഷ്യം.
സംരക്ഷണസമിതി കോ-ഓര്‍ഡിനേറ്റര്‍ പി.രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഇ.കെ.മല്ലിക, ഇ.ജി.സുരേന്ദ്രന്‍, ടി.എം.ഷാഫി, പ്രസാദിനി മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് കൈതവളപ്പില്‍, ബി.ജി.വിഷ്ണു, ഗ്രാമീണതൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍.വിനോദിനി, മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വിശ്വന്‍ മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദലി സ്വാഗതവും സെക്രട്ടറി എ.വി.ജോസ് പ്രകാശ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."