മാലിന്യം നിറഞ്ഞ് കാക്കാത്തിരുത്തി
കയ്പമംഗലം: തീരദേശ മേഖലയിലെ പ്രധാന സഞ്ചാര മാര്‍ഗമായ മൂന്നുപീടിക — ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ കാക്കാത്തിരുത്തി പാലത്തിനരികെ മാലിന്യം കുമിഞ്ഞു കൂടുന്നു. ഇരുളിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ കൊണ്ടുവന്ന് തള്ളുന്ന മാലിന്യങ്ങളുടെ ദുര്‍ഘന്ധം മൂലം യാത്രക്കാര്‍ക്ക് കാക്കാത്തിരുത്തി പാലം കടന്നു പോകണമെങ്കില്‍ മൂക്കു പൊത്തേണ്ട അവസ്ഥയാണ്. പാലത്തിന്റെ കിഴക്കേ കരയിലാണ് കൂടുതലും മാലിന്യം തള്ളുന്നത്. ചീഞ്ഞു നാറിയ മത്സ്യം മുതല്‍ കക്കൂസ് മാലിന്യം വരെ ഇവിടെ തള്ളുന്നുണ്ട്. അറവു മാലിന്യവും കോഴിവേസ്റ്റും മറ്റും തള്ളുന്നത് മൂലം അത് ഭക്ഷിക്കാനെത്തുന്ന തെരുവ് നായകളുടെ ശല്യം വേറെയും നാട്ടുകാര്‍ സഹിക്കണം. രാത്രി കാലങ്ങളില്‍ ഇരുള് മൂടി നില്ക്കുന്ന പാലത്തില്‍ ഇതുവരെ വഴി വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. ഇത് മാലിന്യം തള്ളാനെത്തുന്നവര്‍ക്ക് സഹായകമാവുന്നതായി നാട്ടുകാര്‍ ആരോപിച്ചു. പാലത്തിന്റെ സമീപത്തായി താമസിക്കുന്നവര്‍ക്കും ഇവിടെ കൊണ്ട് വന്ന് തള്ളുന്ന മാലിന്യം ദുരിതമായി തീര്‍ന്നിട്ടുണ്ട്. നൈറ്റ് പെട്രോളിങ്ങ് ഉള്പടെയുള്ളവ നടപ്പിലാക്കി ഇരുളിന്റെ മറവില്‍ മാലിന്യം തള്ളി പ്രദേശത്ത് ദുരിതം വിതക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."