കാരുണ്യം കാത്ത് മധുവും കുടുംബവും
പരിയാരം: കാന്‍സറിന്റെ പിടിയില്‍ നിന്ന് ജീവിതത്തിലേക്കെത്താന്‍ കാരുണ്യം കാത്ത് അച്ഛനും മകനും. ചികില്‍സിക്കാന്‍ പണമില്ലാത്തതിനാല്‍ ഉദാരമതികളുടെ കാരുണ്യത്തിനായി പ്രാര്‍ഥിക്കുകയാണ് പരിയാരം തൊണ്ടന്നൂര്‍ വണ്ണാത്തിപ്പൊയിലിലെ തമ്പിലാന്‍ മധുവിന്റെ കുടുംബം. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഗൃഹനാഥന്‍ കിടപ്പിലായതോടെ നിത്യവൃത്തിക്കു പോലും വകയില്ലാതായി. ജന്മനാ ഊമയും ബധിരനുമാണ് തേപ്പ് പണിക്കാരനായിരുന്ന മധു. ഇളയ മകന്‍ ജോഷ്മിനും പിതാവിനെപ്പോലെ ബധിരനും മൂകനുമാണ്.
മധുവിന് വായ്ക്കകത്ത് ബാധിച്ച കാന്‍സറിന് പരിയാരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും തുടര്‍ചികില്‍സയ്ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത വരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
ജോഷ്മിന് തോളെല്ലിലെ കാന്‍സര്‍ ബാധ രണ്ടുവര്‍ഷം മുമ്പാണ് സ്ഥിരീകരിച്ചത്. എന്നാല്‍ മധുവിന്റെ നിര്‍ധന കുടുംബത്തിന് ഇതിനുള്ള ചികില്‍സ അപ്രാപ്യമായിരുന്നു. സര്‍ക്കാറിന്റെ സഹായ പദ്ധതിയില്‍ നിന്ന് ലഭിക്കാവുന്ന തുകയുടെ ഇരട്ടിയിലധികമുണ്ടെങ്കിലേ ജോഷ്മിന് ചികില്‍സ ഉറപ്പുവരുത്താനാകൂ. പലരുടെയും കാരുണ്യത്തിലാണിപ്പോള്‍ കുടുംബം പട്ടിണിയകറ്റുന്നത്. നാട്ടുകാര്‍ ചികില്‍സാ സഹായ കമ്മിറ്റിക്ക് രൂപം നല്‍കി. മരിയപുരം നിത്യസഹായമാതാ ദേവാലയ വികാരി രക്ഷാധികാരിയായി രൂപീകരിച്ച കമ്മിറ്റി പരിയാരം സര്‍വിസ് സഹകരണ ബാങ്കിന്റെ ചിതപ്പിലെപൊയില്‍ ശാഖയില്‍ എസ്.ബി 1870 നമ്പറായി അക്കൗണ്ട് തുറന്നു. സംഭാവനകള്‍ ബാങ്ക് അക്കൗണ്ടിലേക്കോ, കണ്‍വീനര്‍, ടി. മധു ജോഷ്മിന്‍ ചികില്‍സാ സഹായ കമ്മിറ്റി, വണ്ണാത്തിപ്പൊയില്‍, പി.ഒ. സി. പൊയില്‍, പരിയാരം, കണ്ണൂര്‍-670502 എന്ന വിലാസത്തിലോ എത്തിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."