നഗരസഭയുടെ കണ്ണുവെട്ടിച്ചു സ്വകാര്യപറമ്പില്‍ നിന്ന് ജലമൂറ്റല്‍
കുന്നംകുളം : കുന്നംകുളത്ത് നഗരസഭയുടെ കണ്ണുവെട്ടിച്ചു സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്ന് ജലമൂറ്റല്‍. നഗരസഭയ്ക്കു പുറത്തു വില്പനയ്ക്കായി കൊണ്ടുപോയിരുന്ന ടാങ്കര്‍ലോറികള്‍ നഗരസഭ കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ തടഞ്ഞു.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന നഗരസഭയുടെ ഹൃദയഭാഗത്ത് നിന്നാണ് അധികൃതരുടെ കണ്ണില്‍ പൊടിയിട്ട് വന്‍ തോതില്‍ ജലമൂറ്റല്‍ നടന്നുകൊണ്ടിരുന്നത്. കുന്നംകുളം നഗരസഭയുടെ മഹാത്മാ കോംപ്ലക്സിന് പുറകുവശത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നാണ് വെള്ളമൂറ്റല്‍ നടന്നിരുന്നത്. ദിനംപ്രതി പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് എവിടെ നിന്നും വില്പനയ്ക്കായി കൊണ്ടുപോയിരുന്നത്.
പ്രദേശത്തെ വലിയ ഹോട്ടലുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും 650 രൂപ നിരക്കിലാണ് വെള്ളം നല്‍കിയിരുന്നത്. ഗുരുവായൂരിലും മറ്റു സമീപപ്രദേശങ്ങളിലേക്കുമാണ് വെള്ളമൂറ്റി വില്പന നടത്തിയിരുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ അനധികൃതമായി നഗരസഭ പ്രദേശത്തു നിന്ന് വെള്ളമൂറ്റി വില്പന നടത്താന്‍ അനുവദിക്കില്ലെന്ന് നഗരസഭയും മന്ത്രി എ സി മൊയ്തീനും ഉറപ്പു നല്‍കിയിരുന്നു.
കുന്നംകുളത്ത് അത്തരത്തില്‍ വില്പന നടക്കുന്നില്ലെന്നും നഗരസഭ ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഇവയൊന്നും മുഖവിലക്കെടുക്കാതെ അധികൃതരെയും ഉദ്യോഗസ്ഥരെയും കബളിപ്പിച്ചാണ് കാലങ്ങളായി ഇവിടെ ജലമൂറ്റല്‍ തുടര്ന്നുകൊണ്ടിരുന്നത്. പറമ്പിലെ കിണറിനോട് ചേര്‍ന്ന് മറ്റു മൂന്നു കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചു അതില്‍ നിന്നും കിണറ്റിലേക്ക് വെള്ളം പമ്പ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കിണറ്റില്‍ നിന്നാണ് വെള്ളം ലോറികളില്‍ നിറച്ചു വില്പന നടത്തിയിരുന്നത്.
ഇവര്‍ കിണറില്‍ നിന്ന് വെള്ളമൂറ്റി വില്പന നടത്തുന്നതെന്നാണ് നാട്ടുകാരും കരുതിയിരുന്നത്. എന്നാല്‍ പ്രദേശത്തെ കിണറുകളെല്ലാം വറ്റിയതോടെ നാട്ടുകാരും അധികൃതരും നടത്തിയ അന്വേഷണത്തിലാണ് കുഴല്‍ക്കിണറുകള്‍ കണ്ടെത്തിയത്. ഇതോടെ വിവരമറിഞ്ഞെത്തിയ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി ആലിക്കലിന്റെയും മുന്‍ ചെയര്മാന് സി വി ബേബിയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വെള്ളംനിറച്ചു വില്പനയ്ക്കായി കൊണ്ടുപോവാനായി നിന്നിരുന്ന ലോറികള്‍ തടഞ്ഞുവെച്ചു.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ കുന്നംകുളം പൊലിസ് ലോറിയും ഡ്രൈവറെയും കസ്സഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."