ആവേശമുയര്‍ത്തി പൈതൃക മാരത്തണ്‍
തലശ്ശേരി: സമൂഹത്തില്‍ കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന സാഹസിക മാസം പദ്ധതിയിലെ രണ്ടാമത്തെ ഞായറാഴ്ചയായ ഇന്നലെ തലശ്ശേരിയില്‍ നടന്ന ഹെറിറ്റേജ് മാരത്തണില്‍ വനിതകള്‍ ഉള്‍പ്പെടെ 400ലേറെ പേര്‍ പങ്കെടുത്തു. തലശ്ശേരിയിലെ വിവിധ പൈതൃക സ്മാരകങ്ങളെ കോര്‍ത്തിണക്കിയായിരുന്നു പൈതൃക മാരത്തണ്‍ സംഘടിപ്പിച്ചത്. തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് തലശ്ശേരി കോട്ട, കടല്‍പ്പാലം, ചാലില്‍ പള്ളി, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, ഓടത്തില്‍ പള്ളി തുടങ്ങിയ പൈതൃകകേന്ദ്രങ്ങള്‍ ചുറ്റി 10.5 കിലോമീറ്റര്‍ ദൂരം പിന്നിട്ട് മാരത്തണ്‍ സ്‌റ്റേഡിയത്തില്‍ തന്നെ സമാപിച്ചു. തലശേരി കോട്ട, തിരുവങ്ങാട്, കടല്‍പ്പാലം എന്നിവിടങ്ങളില്‍ സെല്‍ഫി പോയിന്റുകള്‍ ഒരുക്കിയിരുന്നു. പുരുഷവിഭാഗത്തില്‍ സി.പി ഷൈജു, എ.വി ഷൈജു, വി. വിജേഷ് എന്നിവരും വനിതകളില്‍ സ്റ്റെല്ല മേരി, സായന, അനശ്വര എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാരത്തണില്‍ പത്തര കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ മുഴുവന്‍ പേര്‍ക്കും അവാര്‍ഡ് സമ്മാനിച്ചു. സാഹസിക മാസം പദ്ധതിയുടെ മൂന്നാമത്തെ ഞായറാഴ്ചയായ 20ന് വളപട്ടണം പുഴയില്‍ പറശ്ശിനി ക്രോസ് എന്ന പേരില്‍ നീന്തല്‍ മല്‍സരം, 27ന് കവ്വായി പുഴയില്‍ കയാക്കിങ് പരിപാടികളും നടക്കും. ആദ്യ ഞായറാഴ്ച കണ്ണൂരില്‍ നിന്ന് മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സൈക്ലത്തോണും ബീച്ചില്‍ സൈക്കിളോട്ട മല്‍സരവും സംഘടിപ്പിച്ചിരുന്നു.
ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ കായിക വിനോദത്തിന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും പുതുതലമുറയിലുള്‍പ്പെടെ കായിക സംസ്‌ക്കാരം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മെയ് മാസത്തിലെ നാല് ഞായറാഴ്ചകളില്‍ വിവിധ കായിക പരിപാടികള്‍ സംഘചിപ്പിച്ചിരിക്കുന്നത്. പാലയാട് യൂനിവേഴ്‌സിറ്റി കാംപസിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ 15 വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയത് പുതിയ അനുഭവമായി.
മാരത്തണില്‍ കലക്ടര്‍ മീര്‍ മുഹമ്മദലി, സബ് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന പാണ്ഡ്യന്‍ തുടങ്ങിയവരും 10.5 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. സമാപന സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, ജോയിന്റ് ആര്‍.ടി.ഒ സുഭാഷ്, കേണല്‍ അജയ് ശര്‍മ, നാരായണന്‍ കുട്ടി, ബെന്നി ജോണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."