നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആര്യസമാജ കെട്ടിടം ഓര്‍മയായി
പൊന്നാനി: പൊന്നാനി തൃക്കാവില്‍ ദേശീയ പാതയോരത്തായി നിലനിന്നിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആര്യസമാജ കെട്ടിടം ഓര്‍മയായി. ഒരു നൂറ്റാണ്ട് മുമ്പ് നിര്‍മിച്ച കെട്ടിടം കാലപ്പഴക്കം മൂലമാണ് പൊളിച്ചുമാറ്റിയത്.
ആഴ്ചകള്‍ക്ക് മുന്‍പ് കെട്ടിടത്തിന്റെ മേല്‍ക്കൂര നിലംപൊത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഹൈന്ദവ മതപരിവര്‍ത്തനത്തിനായുള്ള ദക്ഷിണേന്ത്യയിലെ സ്ഥാപനങ്ങളിലൊന്നായിരുന്നു പൊന്നാനിയിലെ ആര്യസമാജം. പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രവര്‍ത്തനം നിലച്ചെങ്കിലും ടൈപ്പ്‌റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇതിനിടെ കെട്ടിടത്തില്‍ മൂന്നു കുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനെത്തുടര്‍ന്ന് കുടുംബങ്ങള്‍ ഓരോന്നായി മാറിയെങ്കിലും മറ്റു മാര്‍ഗങ്ങളില്ലാത്തതിനെത്തുടര്‍ന്ന് സ്ത്രീകള്‍ മാത്രമുള്ള ഒരു കുടുംബം കെട്ടിടത്തില്‍ സ്ഥിരതാമസക്കാരായിരുന്നു. ഇതിന്റെ കെട്ടിടത്തിന്റെ മേല്‍കൂര നിലംപൊത്തിയതോടെ ഈ കുടുംബം വഴിയാധാരമായി.
ഇവര്‍ക്ക് സ്ഥലവും വീടും നിര്‍മിച്ചു നല്‍കണമെന്ന് വാര്‍ഡ് കൗണ്‍സിലറും നഗരസഭയും കെട്ടിട ഉടമയോട് ആവശ്യപ്പെട്ടെങ്കിലും ഭീമമായ തുക നല്‍കാന്‍ കെട്ടിട ഉടമ വിസമ്മതിച്ചു. തുടര്‍ന്ന് ഒരു ലക്ഷം രൂപ നല്‍കാമെന്ന് അറിയിക്കുകയും പുതിയ വാടക വീട് ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. ഇതിനു ശേഷമാണ് കെട്ടിടം പൊളിച്ചുമാറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."