കുടിക്കാന്‍ വെള്ളമില്ലാതെ ദുരിതത്തിലായി കുട്ടിപ്പാറ പാളോട്ടില്‍ കോളനി
മഞ്ചേരി: നഗരസഭയിലെ കുട്ടിപ്പാറ പാളോട്ടില്‍ കോളനിക്കാര്‍ കുടിവെള്ളമില്ലാതെ ദുരിതത്തില്‍. വേനല്‍മഴ ഇടവിട്ടു ലഭിച്ചപ്പോള്‍ ചൂടിനു ആശ്വാസമായി എന്നല്ലാതെ കുടിവെള്ളത്തിനായി കഷ്ടപ്പെടുകയാണ് കോളനിയിലും പരിസരത്തുമുള്ള നൂറോളം കുടുംബങ്ങള്‍. രാവിലെ സനദ്ധസംഘടനകള്‍ ഓട്ടോ ഗുഡ്‌സില്‍ വെള്ളവുമായി എത്തുന്നതാണ് ഇവര്‍ക്കു ആകെയുള്ള പ്രതീക്ഷ.
കോളനി കേന്ദ്രത്തില്‍ മാത്രം ഒമ്പത് വീടുകളാണുള്ളത്. ഇതിനു പുറമെ പരിസരങ്ങളില്‍ വേറേയും. കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറുകള്‍ പൂര്‍ണമായും വറ്റിയിട്ട് മാസങ്ങളായി. മഞ്ചേരി നഗരസഭയിലെ വിവിധ ഭാഗങ്ങളിലേക്കു ജല അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കുന്നുണ്ടങ്കിലും പൈപ്പ് ലൈന്‍ നീട്ടാത്തതു മൂലം ഇത്തരം കോളനി നിവാസികള്‍ക്കു അതോറിറ്റി വഴിയുള്ള വെളളവും ലഭ്യമല്ല. ചെറിയ വെള്ള ടാങ്കുകള്‍ മുറ്റത്ത് കൂട്ടമായി വെച്ച് രാവിലേയോ വൈകുന്നേരമോ സന്നദ്ധ സംഘടനകള്‍ മുഖേന എത്തിച്ചുനല്‍കുന്ന പരിമിതമായ വെള്ളം കൊണ്ട് ജീവിതം കഴിച്ചുകൂട്ടുകയാണിവര്‍. കിട്ടുന്ന തുഛം വെള്ളംകുടിക്കാനും ഭക്ഷണം പാകം ചെയ്യാനും എടുത്താല്‍ മറ്റു ആവശ്യങ്ങള്‍ക്ക് വെള്ളമില്ലാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്.
ഇതാദ്യമായാണ് കോളനിയില്‍ കുടിവെള്ളക്ഷാമം ഇത്രയും തീക്ഷണ അവസ്ഥയിലായിരിക്കുന്നത്. കിട്ടുന്ന വെള്ളം വാങ്ങി കുടിക്കാന്‍ വിധിക്കപ്പെട്ടതോടെ ആരോഗ്യ പ്രശ്‌നങ്ങളേ കുറിച്ചും ഇവര്‍ ഭീതിയിലാണ്. മഞ്ചേരിയിലും പരിസരങ്ങളിലും ചിക്കന്‍പോക്‌സ് പോലോത്ത പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. മലിന ജലത്തിന്റെ ഉപയോഗം കാരണമാണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. പകര്‍ച്ച വ്യാധികളെ കുറിച്ചും മറ്റും ഭീതിയുണ്ടങ്കിലും കിട്ടുന്ന വെള്ളം പൊന്നുപോലെ കാത്തുവെക്കുകയാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."