മയക്കുമരുന്ന് കടത്തിന് തടയിടാന്‍ നടപടികളുമായി നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ
നെടുമ്പാശ്ശേരി: രാജ്യത്തെ വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി മയക്കുമരുന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നത് തടയാന്‍ ശക്തമായ നടപടികളുമായി കേന്ദ്ര നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ (എന്‍.സി.ബി ). അടുത്തിടെയായി ബ്രസീലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ എന്ന വ്യാജേന എത്തുന്ന കരിയര്‍മാര്‍ വഴി ബ്രസീലില്‍ നിന്നും കൊക്കയിനാണ് വ്യാപകമായി ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്ന് കേന്ദ്ര നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ സോണല്‍ ഡയറക്ടര്‍ എ. ബ്രൂണോ വ്യക്തമാക്കി.
ബ്രസീലില്‍ നിന്നും കൊണ്ടുവന്ന ഒന്‍പത് കോടി രൂപ വിലവരുന്ന 1.800 കിലോഗ്രാം കൊക്കയിനുമായി പോര്‍ച്ചുഗല്‍ സ്വദേശി മെന്‍ഡസ് അഫോണ്‍സോ ഡോമിന്‍ഗോസ് എന്ന യാത്രക്കാരന്‍ ഇന്നലെ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായി. ബ്രസീലിലെ സാവോ പോളോയില്‍ നിന്നും ദുബായ് വഴിയാണ് ഇയാള്‍ ചെന്നൈയിലെത്തിയത്. ആറ് ഫുഡ് ടിന്നുകളിലാക്കി ബാഗേജില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കൊക്കയിന്‍ കൊണ്ടുവന്നത്.
ബ്രസീലില്‍ വ്യാപകമായി കൃഷി ചെയ്യുന്ന 'കൊക്ക' ഇലയാണ് കൊക്കയിന്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തു. വര്‍ഷത്തില്‍ മൂന്ന് തവണയാണ് ഇതിന്റെ വിളവെടുപ്പ് നടക്കുന്നത്. വിളവെടുപ്പിന് ശേഷമുള്ള അടുത്ത ദിവസങ്ങളിലാണ് വിവിധ രാജ്യങ്ങളിലേക്ക് കരിയര്‍മാരെ ഉപയോഗിച്ച് കൊക്കയിന്‍ എത്തിക്കുന്നത്. എന്‍ സി ബി സോണല്‍ ഈ വര്‍ഷം നടപ്പാക്കിയ നാലാമത്തെ കൊക്കയിന്‍ വേട്ടയാണ് ചെന്നൈയില്‍ നടന്നതെന്ന് സോണല്‍ ഡയറക്ടര്‍ വ്യക്തമാക്കി. ബ്രസീലില്‍ നിന്നും കൊണ്ടുവന്ന രണ്ട് കിലോഗ്രാം കൊക്കയിന്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കേന്ദ്ര നര്‍കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."