മില്‍മാ-കാട്ടുങ്കല്‍ റോഡിന് മോചനമില്ല; തിരിഞ്ഞുനോക്കാതെ അധികൃതര്‍
അമ്പലപ്പുഴ: മില്‍മാ കാട്ടുങ്കല്‍ റോഡിന് മോചനമില്ല. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഫയല്‍ ഇനിയും വെളിച്ചം കണ്ടില്ല.
എലിപ്പനിക്കും സാധ്യത. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ സ്ഥതി ചെയ്യുന്നതും ദേശീയപാതയില്‍ പുന്നപ്ര മില്‍ക്ക് സമീപത്ത് നിന്ന് തീരദേശ റോഡുമായി ബന്ധിപ്പിക്കുന്നതുമായ റോഡാണ് ദുരിതം പേറുന്നത്. ഈ റോഡിന്റെ അഗ്രഭാഗത്തെ 110 മീറ്ററോളം വെള്ളകെട്ടാല്‍ ചെളിനിറഞ്ഞ് കിടക്കുകയാണ്.
മില്‍മാ പ്ലാന്റ് വളപ്പില്‍നിന്ന് പുറത്തെത്തുന്ന എലിക്കൂട്ടം ഈ കെട്ടികിടക്കുന്ന വെളളത്തിലാണ് ഇഴയുന്നത്. പ്രദേശവാസികള്‍ക്ക് ഭീഷണി ഉയര്‍ത്തി എലിക്കൂട്ടം മലിന ജലത്തിലെ വിഹാരം തുടരുകയാണ്. ഇതുമൂലം നാട്ടുക്കാര്‍ രോഗഭീതിയിലാണ്. മൂന്ന് വര്‍ഷം മുമ്പാണ് പ്രദേശവാസിയായ ഒരു വീട്ടമ്മ എലിപനി ബാധിച്ച് മരിച്ചത.് രണ്ടുവര്‍ഷം മുമ്പ് ഈ റോഡിന്റെ 300 മീറ്ററോളം പഞ്ചായത്ത് അറ്റകുറ്റപണി ചെയ്തങ്കിലും 1 10 മീറ്ററോളം അറ്റകുറ്റപണി ചെയ്യാതെ ഉപേക്ഷിക്കുകയായിരുന്നു.
സമീപവാസികളായ ചിലരോടുള്ള വ്യക്തിവൈരാഗ്യമാണ് റോഡിന്റെ അറ്റകുറ്റപണി പാതിവഴിയിലാകാന്‍ കാരണമെന്ന് പറയപ്പെടുന്നു. എന്നാല്‍ 6, 9, 10, വാര്‍ഡുകളില്‍ ഇടവഴികളില്‍ പോലും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും നിരവധി റോഡുകള്‍ നിര്‍മിച്ചിട്ടും 110 മീറ്റര്‍ റോഡ് നിര്‍മിക്കാന്‍ നടപടിയായില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡു പണികള്‍ നടന്നെങ്കിലും കാട്ടുങ്കല്‍ റോഡില്‍ പൂഴിയിടാന്‍ അധികൃതര്‍ക്ക് ആയില്ല.
വൃദ്ധജനങ്ങള്‍ ഉള്‍പ്പെടെ ജനങ്ങള്‍ തീങ്ങിതാമസിക്കുന്ന ഈ റോഡിന്റെ അറ്റകുറ്റപണി ചെയ്യാന്‍ പഞ്ചായത്ത് തയാറാകാത്തത് ജനദ്രോഹ നടപടിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ 1 മുതല്‍ 17 വരെയുള്ള വാര്‍ഡുകളില്‍ പണിതീരാതെ അവശേഷിക്കുന്ന ഏക റോഡും മില്‍മാ കാട്ടുങ്കല്‍ റോഡാണ്.
എന്നാല്‍ അറ്റകുറ്റപണി ചെയ്തിരിക്കുന്ന നിരവധി റോഡുകളുടെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."