മഴക്കാലത്ത് റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം
ആലപ്പുഴ: ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 15 വരെയുള്ള രണ്ടരമാസകാലം പൊതുമരാമത്ത് റോഡുകളും ദേശീയപാതയും ഒരു കാരണവശാലും പൊളിക്കാനോ മുറിക്കാനോ പാടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മഴക്കാലത്ത് വെട്ടിമുറിക്കുന്നതില്‍ നിന്നും റോഡുകളെ സംരക്ഷിച്ചിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കേബില്‍ കമ്പനികളടക്കമുള്ള സ്വകാര്യ ഏജന്‍സികള്‍ക്കും ഇത് ബാധകമായിരിക്കും. ഇത് ആരെങ്കിലും ലംഘിച്ചാല്‍ ഹൈവേ സംരക്ഷണ നിയമപ്രകാരവും, പൊതുമരാമത്ത് മാന്യുവല്‍ പ്രകാരവും നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി.
യാത്രാതടസം ഇല്ലാതെയും റോഡുകളില്‍ മണ്ണും, ചെളിയും വെള്ളവും വീഴാതെയും വീതിയുള്ള റോഡുകളുടെ രണ്ട് അറ്റങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ ഇടേണ്ടി വന്നാല്‍ അത് പൊതുമരാമത്ത് വകുപ്പും വാട്ടാര്‍ അതോറിറ്റിയും പരസ്പരം ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മഴക്കാലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇല്ലെങ്കിലും ടെണ്ടറുകള്‍ തയ്യാറാക്കുക, ടെണ്ടര്‍ ചെയ്യുക, നിയമപ്രകാരം കരാര്‍ ഉറപ്പിക്കുക തുട്ങിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍ജിനീയര്‍മാരോട് നിര്‍ദേശിച്ചു.
മെയ് മാസത്തില്‍ ഓരോ മണ്ഡലത്തിലും ആവശ്യമായ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യാവുന്നതാണ്. കേരളത്തിലെ 3000 പാലങ്ങളും ഈ മാസങ്ങളില്‍ അതാത് എന്‍ജിനീയറിങ് സെക്ഷനുകള്‍ വഴി കാടും, പടലങ്ങളും, പുല്ലും വെട്ടി അഴുക്കുകള്‍ വാരി ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കണം. പൊതുമരാമത്ത് വക ഓടകളിലെ ചപ്പും ചവറും നീക്കം ചെയ്ത് വെള്ളം തടസമില്ലാതെ ഒഴുകാനുള്ള നടപടികളും സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."