സുരക്ഷിതമല്ലാത്ത ഓലക്കുടിലില്‍ മകളുമായി വീട്ടമ്മ കഴിയുന്നത് പ്രാര്‍ഥനയോടെ
കരുവാരകുണ്ട്: സുരക്ഷിതമല്ലാത്ത വീട്ടില്‍ മകളെയും കൊണ്ടു നരകിച്ചു ജീവിക്കുകയാണു പുല്‍വെട്ട കരിങ്കന്‍തോണിയിലെ ചരിപുറത്ത് ആമിന. നിത്യരോഗിയായ ആമിനയ്ക്കും മകള്‍ക്കും കേറിക്കിടക്കാന്‍ ഒരു വീടില്ല. പ്ലാസ്റ്റിക് ഷീറ്റും ഓലയും കൊണ്ടു മേഞ്ഞ ഒരു കൂരക്കുള്ളിലാണു കുടുംബം താമസിക്കുന്നത്.
കാലങ്ങളായി ആമിനയുടെ അധ്വാനം കൊണ്ടു മാത്രമാണു കുടുംബം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിച്ചിരുന്നത്. ആമിനയുടെ ആരോഗ്യ സമയത്ത് ഇത് ഒരു ഭാരമായി അനുഭവപ്പെട്ടതേയില്ല. കാലങ്ങള്‍ക്കുമുമ്പു തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ഇന്നു വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുമ്പോഴും തന്റെ മകളുമായി സുരക്ഷിതമല്ലാത്ത വീട്ടില്‍ കഴിഞ്ഞുകൂടുകയാണിവര്‍.
മൂത്തമകളെ കണ്ണൂരില്‍ വിവാഹം കഴിച്ചയച്ചു. ഇടക്കു വരാറുള്ള മകളുടെയും മരുമകന്റെയും സഹായത്താലാണ് ആമിനയുടെ ചികിത്സ നടത്തുന്നത്. ബൈപ്പാസ് സര്‍ജറിക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചതും മകളുടെ ഭര്‍ത്താവാണ്.
ഇളയ മകളുടെ വിവാഹം കഴിഞ്ഞുവെങ്കിലും അധികം കഴിയുന്നതിനുമുമ്പു ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ആമിനക്ക് അന്‍പത് വയസ്സ് കഴിഞ്ഞു. നിത്യ രോഗിയുമാണ്. ചികിത്സക്കായി പണം കണ്ടെത്താന്‍ ഒരു വഴിയുമില്ല. അന്നം വാങ്ങാനും മകളെ നോക്കാനും മറ്റു മാര്‍ഗമൊന്നുമില്ല. പാലിയേറ്റീവ് കെയറിന്റെ ശ്രദ്ധയും ആരെങ്കിലും നല്‍കുന്ന ചെറിയ സഹായങ്ങളും കൊണ്ടാണ് ഇവര്‍ ജീവിച്ച് പോകുന്നത്. അതും ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍. മഴ ശക്തിയായാല്‍ തകര്‍ന്നു വീഴുമെന്ന ഭയത്തോടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."