കഞ്ചാവ് പ്രതികള്‍ ഒടുവില്‍ പിടിയില്‍
വളാഞ്ചേരി: പൊലിസിനും എക്‌സൈസിനും തലവേദനയായ മൂന്നു കഞ്ചാവ് കച്ചവടക്കാരെ കുറ്റിപ്പുറം എക്‌സൈസ് ആസൂത്രിത നീക്കത്തിലൂടെ പിടികൂടി. വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി ഇല്ലത്തുപറമ്പില്‍ വിനോദ് കുമാര്‍ എന്ന വിനു (22), അല്ലൂര്‍ പുതുക്കിടി വീട്ടില്‍ ഷാഹുല്‍ ഹമീദ് (29), കോട്ടക്കല്‍ പുത്തൂര്‍ പുളിക്കല്‍ വീട്ടില്‍ അഷ്‌റഫ് (36) എന്നിവരാണ് പിടിയിലായത്.
ഇതില്‍ വിനോദ് കുമാറിനെ ഇരുമ്പിളിയം ഹൈസ്‌കൂള്‍ പരിസരത്തുനിന്നും ഷാഹുല്‍ ഹമീദിനെ കുറ്റിപ്പുറത്തുനിന്നും അഷ്‌റഫിനെ കോട്ടക്കല്‍ പുത്തൂര്‍ ബൈപാസില്‍നിന്നുമാണ് പിടികൂടിയത്. ഇവരില്‍നിന്ന് ചെറു പായ്ക്കറ്റുകളിലാക്കി വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.5 കിലോ കഞ്ചാവും രണ്ടു കാറുകളും ഒരു ബുള്ളറ്റ് ബൈക്കടക്കം മൂന്നു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മാസങ്ങള്‍ക്കു മുന്‍പു തൂതപ്പുഴയോരത്തുനിന്നു കഞ്ചാവ് വില്‍പനയ്ക്കിടെ എക്‌സൈസിനെ വെട്ടിച്ച് പുഴയില്‍ചാടി രക്ഷപ്പെട്ട പ്രതിയാണ് വിനോദ് കുമാര്‍. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമായും കഞ്ചാവ് വിറ്റിരുന്നത്. പൊലിസിലും എക്‌സൈസിലുമായി നിരവധി കഞ്ചാവു കേസുകളിലും മറ്റു ക്രിമിനല്‍ കേസുകളിലെയും പ്രതിയായ ഷാഹുല്‍ ഹമീദ് പുത്തനത്താണി, കോട്ടക്കല്‍ ഭാഗങ്ങളിലാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ഇയാളെക്കുറിച്ച് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന് വാട്‌സ്ആപില്‍ പരാതി ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍ ബിനുകുമാര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ രവീന്ദ്രനാഥ്, പ്രിവന്റീവ് ഓഫിസര്‍ എ.കെ രാജേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിബുശങ്കര്‍, പി.ഇ സുനീഷ്, എ. ഹംസ, ശിഹാബുദ്ദീന്‍, സ്മിത, ഡ്രൈവര്‍ കെ. ഗണേഷ് എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."