കോഴിച്ചാല്‍ ടൗണില്‍ പരക്കെ മോഷണം
ചെറുപുഴ: കോഴിച്ചാല്‍ ടൗണില്‍ മൂന്നു കടകളില്‍ മോഷണം. ഒരു കടയ്ക്ക് തീയിട്ടു. കോഴിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ നേര്‍ച്ചപ്പെട്ടിയും തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ടൗണിലെ ഇല്ലിമൂട്ടില്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള അച്ചു സ്റ്റോര്‍സില്‍ നിന്നു തീ കണ്ടതിനെതുടര്‍ന്ന് ഉടമസ്ഥനും സമീപവാസികളും എത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.
സമീപത്തെ ജോയി കൂനമ്പാറയുടെ ചിക്കന്‍ സ്റ്റാളിലും മനോജ് വെള്ളിമൂഴയുടെ ഉടമസ്ഥതയിലുള്ള അപ്പോളോ സിമന്റ്‌സിലും മോഷണം നടന്നു. ചിക്കന്‍ സ്റ്റാളില്‍ നിന്നും എടുത്തതെന്നു കരുതുന്ന ഇറച്ചി വെട്ടുന്ന കത്തി അപ്പോളോ സിമന്റ്‌സിന്റെ ഷട്ടറിനിടയില്‍ തിരുകി വച്ച നിലയിലാണ്. സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ ഗ്രോട്ടോയ്ക്ക് സമീപത്തെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ടു തകര്‍ത്തു മോഷണം നടത്തിയിട്ടുണ്ട്. കോഴിച്ചാലില്‍ സര്‍വിസ് നടത്തുന്ന ജനകീയ ജീപ്പിന്റെ ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന പണവും നഷടപ്പെട്ടതായി പരാതിയുണ്ട്. കോഴിച്ചാലിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി അനധികൃത മദ്യ വില്‍പനയും നിരോധിത പുകയില ഉല്‍പന്നങ്ങളും വില്‍പന നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.
അടുത്തിടെ ചെറുപുഴ, കാക്കേഞ്ചാല്‍, താബോര്‍, തിരുമേനി, പ്രാപ്പോയില്‍,ചിറ്റാരിക്കാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന മോഷണങ്ങളില്‍ കുറ്റക്കാരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെറുപുഴ എസ്.ഐ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നു വിരളടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."