വകുപ്പ് മേധാവികള്‍ കൂട്ട അവധിയില്‍
തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദം കത്തിപ്പടരവേ തദ്ദേശ ഭരണ വകുപ്പില്‍ നാഥനില്ല. വകുപ്പ് മേധാവികള്‍ എല്ലാവരും നീണ്ട അവധിയിലാണ്.
ഇതു കാരണം തീരുമാനങ്ങള്‍ എടുക്കാതെ ഫയലുകള്‍ കുന്നുകൂടുന്നു. ലൈഫ് മിഷന്റെ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വടകര ആസ്ഥാനമായുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കുന്നത് സുതാര്യമല്ലെന്ന് ഫയലിലെഴുതിയ ബി. അശോകിനെ തദ്ദേശ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗം മാറ്റിയിരുന്നു.
പകരം പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന ആര്‍. ഗിരിജയെ അഡീഷനല്‍ സെക്രട്ടറിയായി നിയമിച്ചുവെങ്കിലും അവരും ഇതുവരെ സ്ഥാനം ഏറ്റെടുത്തിട്ടില്ല. അശോകായിരുന്നു ലൈഫ് മിഷന്റെ ചുമതല വഹിച്ചിരുന്നത്. ലൈഫ് മിഷന്‍ സി.ഇ.ഒ അദീല അബ്ദുല്ല കഴിഞ്ഞ രണ്ടാം തിയതി മുതല്‍ നീണ്ട അവധിയിലാണ്. ഇവര്‍ ഇപ്പോള്‍ വിദേശത്താണ്.
ലൈഫ് മിഷന്റെ ചീഫ് എന്‍ജിനീയര്‍ കെ. സുന്ദരന്‍ രാജിവച്ചു. തദ്ദേശ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഒരു മാസത്തെ അവധിയിലാണ്. ഇദ്ദേഹം അവധിയിലായപ്പോള്‍ ചുമതല അശോകിനായിരുന്നു.
നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാറിനെ മാറ്റിയെങ്കിലും പകരം ആരെയും നിയമിച്ചില്ല. റൂറല്‍ ഡവലപ്‌മെന്റ് സെക്രട്ടറി എ. അജിത്കുമാര്‍ ഈ മാസം വിരമിക്കും. കഴിഞ്ഞ മാസം 25 മുതല്‍ ഇദ്ദേഹവും അവധിയിലാണ്. ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ച ദിവ്യാ. എസ് അയ്യര്‍ മാത്രമാണ് ഇപ്പോള്‍ തദ്ദേശ വകുപ്പിലെ ഏക ഐ.എ.എസുകാരി. എന്നാല്‍ അവര്‍ക്ക് അമൃത് പോലെയുള്ള പദ്ധതികളുടെ ചുമതല മാത്രമാണുള്ളത്.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തില്‍ ലൈഫ് മിഷനെ കൂടാതെ, കൊച്ചി, തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി തുടങ്ങി നിരവധി പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് പ്രധാന വകുപ്പായ തദ്ദേശ വകുപ്പ് നാഥനില്ലാ കളരിയായിരിക്കുന്നത്.
അതിനിടെ മന്ത്രി കെ.ടി ജലീലുമായുള്ള അഭിപ്രായ വ്യത്യാസത്തിലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് നീണ്ട അവധിയില്‍ പോയതെന്നും പറയുന്നു. ഇദ്ദേഹം വകുപ്പ് മാറ്റി നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ലൈഫ് മിഷന്‍ പ്രധാന അജന്‍ഡയായി ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ വയ്ക്കാനുള്ള വകുപ്പിന്റെ ചില ഫയലുകളില്‍ ഒപ്പിടാന്‍ മന്ത്രി ആവശ്യപ്പെട്ടുവെങ്കിലും വകുപ്പിന്റെ പൂര്‍ണ ചുമതല ഇല്ലാത്തതിനാല്‍ ഡെപ്യൂട്ടി സെക്രട്ടറി ദിവ്യ എസ്. അയ്യര്‍ വിസമ്മതിച്ചതായും സൂചനയുണ്ട്. തദ്ദേശ വകുപ്പില്‍ വകുപ്പ് മേധാവിമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചതിലും ലൈഫ് മിഷന്‍ വിവാദമായതിലും മുഖ്യമന്ത്രിയ്ക്ക് അതൃപ്തിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."