ശുഹൈബ് വധം: കുറ്റപത്രം സമര്‍പ്പിച്ചു
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
മട്ടന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 386 പേജുകളുള്ള കുറ്റപത്രത്തില്‍ 11 പ്രതികളാണുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത ആയുധങ്ങള്‍ കൃത്യത്തിന് ഉപയോഗിച്ചതാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലിസ് ഉറപ്പിച്ചുകഴിഞ്ഞു.
ഗൂഢാലോചന, പ്രതികള്‍ക്ക് ലഭിച്ച സഹായം, പ്രതികളുടെ പങ്ക്, കൊലപാതക കാരണങ്ങള്‍ എന്നിവ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 130 സാക്ഷികളുടെ വിവരങ്ങള്‍, ഡി.എന്‍.എ റിപ്പോര്‍ട്ട്, ഫോണ്‍ കോള്‍ വിവരങ്ങള്‍, 132 തൊണ്ടിമുതലുകള്‍ തുടങ്ങിയവയും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു. ഗൂഢാലോചന പിന്നീട് പ്രത്യേകം അന്വേഷിക്കുമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
8,500 പേജുള്ള അനുബന്ധ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എടയന്നൂര്‍ സ്‌കൂളിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പൊലിസ് പറയുന്നത്. ജനുവരിയില്‍ എടയന്നൂരിലുണ്ടായ സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ശുഹൈബിനെ പ്രതിയാക്കി പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കുറ്റപത്രം പരിശോധനയ്ക്കുശേഷം സ്‌പെഷല്‍ കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ അറസ്റ്റിലായ 11 പ്രതികള്‍ക്കുപുറമെ ഇനിയും പ്രതികളെ കണ്ടത്താനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊലപാതകം നടന്ന് 92-ാമത്തെ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശുഹൈബ് വധക്കേസില്‍ ഉടന്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാനാവില്ലെന്നും പൊലിസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും ശുഹൈബിന്റെ പിതാവ് നല്‍കിയ ഹരജി പരിഗണിച്ച് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന പിതാവിന്റെ ആവശ്യം സുപ്രിംകോടതി പരിഗണിച്ചിരുന്നില്ല. സി.ഐ എ.വി ജോണ്‍, എ.വി ദിനേശന്‍, ടി.കെ മനോഹരന്‍, ടി.പി സജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."