നഗര ഗതാഗതത്തില്‍ സമഗ്ര പരിഷ്‌കാരം നടപ്പാക്കും: ഡി.ജി.പി
കൊച്ചി: നഗരത്തില്‍ നിലവിലുള്ള ഗതാഗത ക്രമീകരണങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങള്‍, വകുപ്പുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ അഭിപ്രായം കണക്കിലെടുത്ത് നിരന്തരവും ശാസ്ത്രീയവുമായ പരിഷ്‌കാരങ്ങളാണ് നഗരത്തില്‍ നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നഗര ഗതാഗതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിനായി സി.എം.എഫ്.ആര്‍.ഐ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നത്.
വ്യക്തിഗതമായ താല്‍പര്യങ്ങളാണ് പലപ്പോഴും മുന്നിട്ടു നില്‍ക്കുന്നത്. ഇവയില്‍ നിന്നും സമൂഹത്തിന് പ്രയോജനകരമായതും ശാസ്ത്രീയവുമായ പരിഷ്‌കാരങ്ങളാണ് ആവിഷ്‌കരിക്കേണ്ടത്. ഗതാഗത ക്രമീകരണത്തിന് സാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്തണം. ഈ രംഗത്ത് പൊലിസിന്റെ ഇടപെടല്‍ നിയമം നടപ്പാക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തുകയാണ് മികച്ച മാതൃകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്‍വേഗത്തില്‍ പായാവുന്ന ആധുനിക വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും ഇതനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചിട്ടില്ലെന്നത് വാഹനം ഉപയോഗിക്കുന്നവര്‍ തിരിച്ചറിയണം. മറ്റു വാഹനങ്ങളെ പരിഗണിച്ച് വാഹനമോടിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം. പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ, തടവ് തുടങ്ങിയ ശിക്ഷകളുടെ വിവരങ്ങള്‍ പ്രധാന കേന്ദ്രങ്ങളിലും പൊലിസിന്റെ വെബ്‌സൈറ്റിലും പരസ്യപ്പെടുത്തുമെന്നും ഡി.ജി.പി പറഞ്ഞു.
നടപ്പാതകളുടെ നിര്‍മാണം, സംരക്ഷണം എന്നിവയ്ക്ക് റസിഡന്റ്‌സ് അസോസിയേഷനുകള്‍ സ്വമേധയാ മുന്നോട്ടു വരണം. നഗരത്തില്‍ ലോ ഫ്‌ളോര്‍ സിറ്റി ബസ് സര്‍വീസിനുള്ള സാധ്യത പരിശോധിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോട് ഡി.ജി.പി ആവശ്യപ്പെട്ടു.
അനുമതി ലഭിച്ചാല്‍ ലോ ഫ്‌ളോര്‍ സര്‍വീസ് നടത്താന്‍ തയാറാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഭാരവാഹികളും വ്യക്തമാക്കി.
മെട്രോ റെയില്‍ പദ്ധതിയില്‍ തൂണുകളുടെയും ഗര്‍ഡറുകളുടെയും നിര്‍മാണം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ റോഡുകള്‍ മെച്ചപ്പെടുത്തുകയും പാര്‍ക്കിങ് ക്രമീകരിക്കുകയും വേണമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മെട്രോ പദ്ധതിയ്ക്ക് അനുബന്ധമായി വികസിപ്പിച്ച റോഡുകളില്‍ അനധികൃത കയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നായിരുന്നു കെ.എം.ആര്‍.എല്‍ പ്രതിനിധിയുടെ നിര്‍ദേശം. ഗതാഗത ക്രമീകരണം നടപ്പാക്കുമ്പോള്‍ നഗരത്തിന്റെ പരിമിതമായ സംവഹനശേഷി കണക്കിലെടുക്കേണ്ടതുണ്ടെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ഏറ്റവും നന്നായി ഗതാഗത നിയമപാലനം നടക്കുന്ന നഗരമാണ് കൊച്ചിയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ദക്ഷിണമേഖല എ.ഡി.ജി.പി ഡോ. ബി. സന്ധ്യ പറഞ്ഞു. കൊച്ചി റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത്, സിറ്റി പൊലിസ് ചീഫ് എം.പി ദിനേശ്, ഡപ്യൂട്ടി കമ്മിഷണര്‍ ഡോ. അരുള്‍.ആര്‍.ബി. കൃഷ്ണ എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."