ജില്ലാ വികസന സമിതി യോഗം
മണ്ണിനു ചേരുന്ന വൃക്ഷത്തൈ നട്ടുപിടിപ്പിക്കണം
കൊച്ചി: മരങ്ങള്‍ കടപുഴകി ഉണ്ടായേക്കാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനു ഭാവിയില്‍ ഓരോ സ്ഥലത്തെയും മണ്ണിനു ചേരുന്ന വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നു ജില്ല വികസന സമിതി യോഗത്തില്‍ നിര്‍ദേശം. ഇന്നലെ കിക്ടറേറ്റ് സമ്മേളന ഹാളില്‍ കലക്ടര്‍ എം.ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത്.
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് ആണ് ഇക്കാര്യം ശ്രദ്ധയില്‍കൊണ്ടുവന്നത്. സോഷ്യല്‍ ഫോറസ്ട്രിയുടെ പദ്ധതി റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള മറുപടിയിലാണിത് പരാമര്‍ശ വിഷയമായത്. ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ജീവനു ഭീഷണിയെന്നു തോന്നുന്ന മരങ്ങള്‍ വെട്ടി മാറ്റുന്നതിന് വനം വകുപ്പിന്റെ ആവശ്യമില്ലെന്നു സോഷ്യല്‍ ഫോറസ്ട്രി ജില്ല ഡി.എഫ്.ഒ യോഗത്തില്‍ അറിയിച്ചു. ഓരോ സ്ഥലത്തെയും മണ്ണിനു യോജ്യമായ വൃക്ഷത്തൈകള്‍ നടണമെന്നു എറണാകുളം ലോ കോളേജിന്റെ പരിസരത്ത് നൂറുവര്‍ഷമെങ്കിലും പഴക്കമുള്ള വൃക്ഷങ്ങള്‍ ഉദാഹരണമാക്കി പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. മണ്ണ് പരിശോധിച്ച് ഊട്ടിയില്‍ നിന്നു കൊണ്ടുവന്ന തൈകള്‍ നട്ടുണ്ടായ മരങ്ങളാണ് അവയെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ കൂടുതല്‍ വേരോടെ നില്‍ക്കുന്നു. അധികം വേരോട്ടമില്ലാത്ത വാകമരം പോലെയുള്ളവ നട്ടുപിടിപ്പിക്കാന്‍ വനംവകുപ്പ് ഒരിക്കലും ശിപാര്‍ശ ചെയ്തിട്ടില്ലെന്നു ഡി.എഫ്.ഒ അറിയിച്ചു. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലും കണ്ടെയ്‌നര്‍ ടെര്‍മിനര്‍ റോഡിലും കലക്ടറേറ്റ് പരിസരങ്ങളിലും വെറുതെ കിടക്കുന്ന സ്ഥലത്ത് വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. കഴിഞ്ഞവര്‍ഷം 3.40 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ഏതൊക്കെ മരം ഏതിടത്ത് നടാം എന്നതു സംബന്ധിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും മറ്റും അറിയുന്നതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
റോഡിലെ കുഴികള്‍
ഉടന്‍ അടയ്ക്കണം
മുവാറ്റുപുഴ റോഡ്‌സ് ഡിവിഷനു കീഴില്‍ റോഡുകളില്‍ കുഴി വ്യാപകമാണെന്നും അത് ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും വി.പി സജീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ഇതു സംബന്ധിച്ചു നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ യോഗം വിളിച്ചു ചേര്‍ത്തുവെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്ന് എം എല്‍ എ പറഞ്ഞു. കിഴക്കമ്പലത്ത് പൈപ്പ് പണിക്കായി തീര്‍ത്ത കുഴി ഇനിയും അടച്ചിട്ടില്ല. ഈ കുഴിയില്‍ വീണ് ഒരാള്‍ മരണമടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കെ.എസ്.ടി.പിയുടെ നിസംഗത വളരെ പ്രതിഷേധാര്‍ഹമാണെന്നും അടിയന്തിരമായി പണി തീര്‍ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഉദയംപേരൂരില്‍
കുടിവെള്ളം മുടങ്ങുന്നു
തൃപ്പൂണിത്തുറ മണ്ഡലത്തില്‍പ്പെട്ട ഉദയംപേരൂരില്‍ കുടിവെള്ളം തുടര്‍ച്ചയായി മുടങ്ങുകയാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം സ്വരാജ് എം.എല്‍.എ നിര്‍ദേശിച്ചു. അന്വേഷിക്കുമ്പോള്‍ മോട്ടോര്‍ കേടാണ് എന്ന മറുപടിയാണു ലഭിക്കുന്നത്.
ആഴ്ചയിലൊന്നു പോലും കുടിവെള്ളം ജനങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ ഈ മേഖലയില്‍ വൈദ്യുതിയും പതിവായി മുടങ്ങുന്നു. ഓഫീസില്‍ വിളിച്ചാല്‍ മറുപടിയില്ല. പള്ളുരുത്തി, പെരുമ്പടപ്പ് പ്രദേശത്തെ റോഡുകളിലെ കുഴികള്‍ നികത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സ്വരാജ് നിര്‍ദേശിച്ചു.
വൈദ്യുതി മുടങ്ങുകയാണെങ്കില്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ജനങ്ങള്‍ക്ക് അറിയിക്കാമെന്നു യോഗത്തില്‍ കെ.എസ്.ഇ.ബി പ്രതിനിധി അറിയിച്ചു.
ആലുവ താലൂക്ക്
ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതം
ആലുവ താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതു സംബന്ധിച്ച വിഷയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ അവതരിപ്പിച്ചു. ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നു അടിയന്തിരമായി നടപടി സ്വീകരിക്കാമെന്നു യോഗത്തില്‍ ഉറപ്പു ലഭിച്ചു. ആശുപത്രിയിലെ ഹീമോഫീലിയ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഒരുകാരണവശാലും മുടങ്ങാന്‍ അനുവദിക്കില്ലെന്ന് ജില്ല കലക്ടര്‍ എം.ജി രാജമാണിക്യം അറിയിച്ചു.
ഡെങ്കിപ്പനി
നിയന്ത്രണ വിധേയം
കോതമംഗലം ഉള്‍പ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാണെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.കെ കുട്ടപ്പന്‍ അറിയിച്ചു. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ പരിശോധനയില്‍ സ്വീകരിക്കുന്ന മാനദണ്ഡം മൂലമാണു ഇതു സംബന്ധിച്ചു വ്യത്യസ്തനില ഉണ്ടാകുന്നത്. ചിലയിടങ്ങളില്‍ ആദ്യമായി ലാര്‍വ രഹിത പ്രചാരണവും ആരോഗ്യവകുപ്പ് നടത്തിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."