സ്വര്‍ണം കുടക്കമ്പി രൂപത്തില്‍; കരിപ്പൂരില്‍ 35.93 ലക്ഷത്തിന്റെ കള്ളക്കടത്ത് പിടികൂടി
കൊണ്ടോട്ടി: ബഹ്റൈനില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് കുടക്കമ്പി രൂപത്തില്‍ ഒളിപ്പിച്ചു കടത്തിയ 35.93 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ അസീസില്‍ നിന്നാണ് 1130 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.
കസ്റ്റംസ് പരിശോധനയില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ബാഗേജിനുള്ളിലുണ്ടായിരുന്ന മൂന്ന് കുടകള്‍ പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്. മൂന്ന് കുടയുടെയും അകത്തെ 96 കമ്പികള്‍ സ്വര്‍ണമായിരുന്നു. കുടയുടെ കമ്പികള്‍ പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണമാണെന്ന് വ്യക്തമായത്. പിടികൂടിയ സ്വര്‍ണത്തിന് 35.93 ലക്ഷം രൂപ വിലവരും. യാത്രക്കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍, ജോ. കമ്മിഷണര്‍ അനീഷ്.പി.രാജന്, അസി.കമ്മിഷണര്‍മാരായ നിഥിന്‍ലാല്‍, രാജേന്ദ്ര ബാബു, സൂപ്രണ്ടുമാരായ വി. മുരളീധരന്, കെ.സുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."