സര്‍വേ നടത്തിയില്ല; 70കാരന്‍ വില്ലേജ് ഓഫിസിലെ ഫയലുകള്‍ക്ക് തീയിട്ടു
കൊച്ചി:ആമ്പല്ലൂര്‍ വില്ലേജ് ഓഫിസിലെ ഫയലുകള്‍ എഴുപതുകാരന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.തര്‍ക്കത്തില്‍ കിടന്ന വസ്തുവിന്റെ സര്‍വേ സമയത്ത് നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു വില്ലേജ് ഓഫിസിലെത്തിയ ചക്കാലയ്ക്കല്‍ രവി ഫയലുകള്‍ക്ക് തീയിട്ടത്. പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കു നല്‍കിയിരിക്കുന്ന അപേക്ഷകള്‍, ബില്‍ ബുക്ക് എന്നിവ കത്തിനശിച്ചു.
ഇയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മുളന്തുരുത്തി പൊലിസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി തര്‍ക്കത്തിലിരിക്കുന്ന ഭൂമിയുടെ സര്‍വേയുമായി ബന്ധപ്പെട്ട് രവി നിരന്തരമായി റവന്യൂ ഓഫിസുകള്‍ കയറിയിറങ്ങിയിരുന്നു. കോടതിയില്‍ നിന്ന് അനൂകൂല വിധിയുണ്ടായതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം താലൂക്ക് സര്‍വേ അധികൃതര്‍ എത്തി ഭൂമിയുടെ ഒരു ഭാഗം സര്‍വേ നടത്തിയിരുന്നു . എന്നാല്‍ കാടുപിടിച്ചു കിടന്നിരുന്ന ഭാഗം അവര്‍ സര്‍വേ നടത്തിയില്ല. കാടുതെളിച്ച ശേഷം സര്‍വേ നടത്താമെന്നായിരുന്നു അധികൃതരുടെ നിലപാട് . ഇതില്‍ അരിശംപൂണ്ടാണ് രവി ഇന്നലെ വില്ലേജിലെത്തി ഫയലുകള്‍ക്ക് തീയിട്ടതെന്ന് പറയുന്നു.
ഓഫിസ് തുറക്കുന്നതിനിടെ അകത്തേക്ക് കയറിയ രവി മേശപ്പുറത്തിരുന്ന ഫയലിലേക്ക് പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫിസില്‍ നിന്ന് കടന്നുകളഞ്ഞു. ഈ സമയം ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വേഗത്തില്‍ തീയണച്ചതോടെ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. മേശപ്പുറത്തിരുന്ന ഏതാനും ഫയലുകളും ബില്‍ബുക്കുമാണ് കത്തിനശിച്ചത് . പൊലിസെത്തി വില്ലേജ് ഓഫിസ് സീല്‍ ചെയ്തു. ഉടന്‍തന്നെ കാഞ്ഞിരമറ്റത്തു നിന്ന് തന്നെ രവിയെ മുളന്തുരുത്തി പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലം എം.എല്‍.എ അനൂപ് ജേക്കബ് വില്ലേജ് ഓഫിസിലെത്തി. വിഷയത്തില്‍ പൊലിസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."