നഷ്ടമാണെങ്കിലും സ്‌കാനിയയെ കൈവിടില്ല; വാടകയ്‌ക്കെടുത്ത് ഓടിക്കും
തിരുവനന്തപുരം: വന്‍ നഷ്ടത്തിലാണെങ്കിലും സ്‌കാനിയ ബസുകള്‍ വാടകയ്‌ക്കെടുത്തുതന്നെ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ തീരുമാനം. സ്വന്തമായി ഓടിച്ചാല്‍ വരുന്ന നഷ്ടത്തെക്കാള്‍ കുറവാണ് വാടകയ്‌ക്കെടുമ്പോഴുണ്ടാകുന്നതെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണിത്. ഇതുസംബന്ധിച്ച കണക്കുകള്‍ കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനു കൈമാറുകയും ചെയ്തു.
ബംഗളൂരു, മൂകാംബിക റൂട്ടുകളിലായി പത്തുസ്‌കാനിയ ബസുകളാണ് കെ.എസ്.ആര്‍.ടി.സി മൂന്നുവര്‍ഷത്തേക്ക് വാടകയ്‌ക്കെടുത്ത് ഓടിക്കുന്നത്. ഇതുവഴി അഞ്ചുമാസത്തിനിടെ 66 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് യൂനിയനുകള്‍ ആരോപിക്കുന്നു. ഇതിനെ ഖണ്ഡിക്കാന്‍ മാനേജ്‌മെന്റ് കണക്കുകള്‍ മുന്നോട്ടുവയ്ക്കുന്നു. അതായത് സ്വന്തം ബസുകള്‍ ഒരു കിലോമീറ്റര്‍ ഓപ്പറേറ്റ് ചെയ്യാന്‍ ജീവനക്കാരുടെ വേതനവും ഇന്ധനചെലവും ബസന്റെ അറ്റകുറ്റപ്പണിയും അടക്കം 72.12 രൂപ ചെലവാക്കേണ്ടി വരുമ്പോള്‍ 61.26 പൈസയേ വാടക ബസുകള്‍ക്ക് ആകുന്നുള്ളൂ. അതായത് പതിനൊന്ന് രൂപയോളം ചെലവ് കുറവ്.
മാത്രമല്ല വാടക ബസുകള്‍ വന്നതോടെ അപകടവും കുറഞ്ഞു. മാസം ചെറുതും വലുതുമായി പത്ത് അപകടങ്ങളെങ്കിലും ഉണ്ടായിരുന്നിടത്ത് അഞ്ചുമാസത്തിനിടെ ഒരു തവണമാത്രമാണ് വാടക സ്‌കാനിയ അപകടത്തില്‍പ്പെട്ടതെന്നും ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ഇപ്പോഴത്തെ നിലതന്നെ തുടരണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."