വിവാദങ്ങള്‍ തീരാതെ ആതിഥേയര്‍
ആദ്യമായി ആതിഥ്യം വഹിക്കുന്ന ലോകകപ്പില്‍ തന്നെ രാഷ്ട്രീയമായും സാമ്പത്തികമായുമുള്ള നിരവധി പ്രശ്‌നങ്ങളാണ് റഷ്യയെ അലട്ടുന്നത്.
ഈ തീരാത്ത പ്രശ്‌നങ്ങള്‍ കാരണം പ്രാഥമിക റൗണ്ട് പോലും കടക്കുമോ എന്ന ഉറപ്പ് ടീമിനില്ല. സഊദി അറേബ്യ, ഈജിപ്ത്, ഉറുഗ്വെ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് റഷ്യയുള്ളത്. കൂടെയുള്ളത് ദുര്‍ബലരായ ടീമായിരുന്നിട്ടുപോലും നിലവില്‍ റഷ്യന്‍ ഫുട്‌ബോളിന് രണ്ടാം റൗണ്ടിനെക്കുറിച്ച് ചിന്തിക്കാനാവാത്ത അവസ്ഥയാണ്. അതിന്റെ പ്രധാനപ്പെട്ട കാരണം റഷ്യയിലെ രാഷ്ട്രീയ അന്തരീക്ഷമാണ്.
ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളുമായി റഷ്യ ശീതയുദ്ധത്തിലാണിപ്പോള്‍. ആസ്‌ത്രേലിയ, ബ്രിട്ടന്‍ എന്നീ ടീമുകള്‍ ലോകകപ്പില്‍നിന്ന് പിന്മാറുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. നിലവിലെ റഷ്യയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ എല്ലാ കാര്യങ്ങളും ലോകകപ്പുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നം വന്നാലും ആദ്യം ആതിഥേയരുടെ ടീമിനെയാണ് അത് ബാധിക്കുക. 1936 ല്‍ ബര്‍ലിന്‍ ഒളിംപിക്‌സിനെ തന്റെ നേട്ടത്തിനായി ഉപയോഗിച്ച ഹിറ്റ്‌ലറോടാണ് ഇപ്പോള്‍ പുടിനെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ താരതമ്യം ചെയ്യുന്നത്. ലോകകപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും ചെറുതല്ലാത്ത രീതിയില്‍ റഷ്യയെ തിരിഞ്ഞുകുത്തുന്നു. ഫുട്‌ബോളിന്റെ ഏറ്റവും വലിയ പ്രശ്‌നമായി കാണുന്നത് റഷ്യയിലെ കാണികളെത്തന്നെയാണ്. ലോകത്തെ ഏറ്റവും വലിയ വംശവെറിയന്‍മാരായ കാണികളാണ് റഷ്യക്കുള്ളത്.
കഴിഞ്ഞ യൂറോ കപ്പില്‍ ഇംഗ്ലീഷ് കാണികളുമായി ഏറ്റുമുട്ടിയതിന് ഫിഫ ഇവരെക്കുറിച്ച് റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. ഇത്തരം കാണികളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ടൂര്‍ണമെന്റില്‍നിന്ന് വിലക്ക് അടക്കമുള്ള നടപടികള്‍ റഷ്യക്ക് നേരിടേണ്ടി വരും. ലോകകപ്പ് സമയത്ത് റഷ്യന്‍ തെരുവുകള്‍ കീഴടക്കിയ തെമ്മാടിക്കൂട്ടവും ലോകകപ്പ് നടത്തിപ്പിന് വലിയ തലവേദനയാണ്. ഇതെല്ലാം കളത്തിന് പുറത്തുള്ള കാര്യമാണെങ്കിലും റഷ്യന്‍ ഫുട്‌ബോളിനെ ഇത് ബാധിക്കും. പരിഹരിക്കാനാകാത്ത അതിലേറെ പ്രശ്‌നങ്ങള്‍ കളത്തിനുള്ളിലുമുണ്ട്. ആതിഥേയര്‍ എന്ന സമ്മര്‍ദം എല്ലാ കളിയിലും റഷ്യയെ വേട്ടയാടും. മാത്രമല്ല യോഗ്യതാ മത്സരം കളിക്കാത്തതും ടീമിന് വലിയ പ്രശ്‌നമായി വിലയിരുത്തുന്നുണ്ട്. നാലുവര്‍ഷമായി പ്രധാനപ്പെട്ട അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച പരിചയവും ടീമിനില്ല. വലിയ ടൂര്‍ണമെന്റുകളില്‍ കളിമറക്കുന്ന ശീലം റഷ്യന്‍ ഫുട്‌ബോളിനെ ഇപ്പോഴും പിന്തുടരുന്നുണ്ട്. ദുര്‍ബലമായ ഗ്രൂപ്പായതിനാല്‍ പൊരുതി നോക്കിയാല്‍ രണ്ടാം റൗണ്ട് കാണാമെങ്കിലും നിലവിലെ സാഹചര്യം റഷ്യന്‍ ഫുട്‌ബോളിനെ പിന്നോട്ട് തന്നെയാണ് വലിക്കുന്നത്. 2012ന് ശേഷം വലിയ ടൂര്‍ണമെന്റുകളില്‍ റഷ്യ ജയമറിഞ്ഞിട്ടില്ല. എന്നാലും സ്വന്തം കാണികള്‍ക്ക് മുമ്പിലെ കളി ഊര്‍ജം നല്‍കിയേക്കാം. 1994, 2002, 2014 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിനു മുമ്പ് റഷ്യ ലോകകപ്പ് കളിച്ചത്. മൂന്ന് തവണയും ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്തായി. 1994 ലോകകപ്പില്‍ കാമറൂണിനെതിരേ കളിച്ചപ്പോള്‍ റഷ്യക്കായി അഞ്ചു ഗോള്‍ നേടിയ ഒലക് സലകോയാണ് ലോകകപ്പില്‍ ഒറ്റ മത്സരത്തില്‍ കൂടുതല്‍ ഗോള്‍ നേടിയ താരം. എന്നാല്‍, സോവിയറ്റ് യൂണിയനായിരുന്ന സമയത്ത് മികച്ച കളിപുറത്തെടുക്കാന്‍ ടീമിനായിരുന്നു. ഈ സമയത്ത് ഏഴു തവണ ലോകകപ്പ് കളിച്ചപ്പോള്‍ ഒരു പ്രാവശ്യം നാലാം റൗണ്ട് വരെ എത്താന്‍ റഷ്യക്കായി. 2016 യൂറോ കപ്പില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ മാനേജറെ മാറ്റിപ്പരീക്ഷിച്ചു. സ്റ്റാനിസ്‌ലാവ് ചെര്‍ച്ചസേവിനെയാണ് പുതിയ പരിശീലകനായി നിയമിച്ചത്.
പുതിയ പരിശീലകന്‍ റഷ്യന്‍ മധ്യനിരക്ക് കരുത്തു പകരുന്ന രീതിയിലായിരുന്നു ടീമിനെ ഒരുക്കിയത്. 3-5-2 ഫോര്‍മേഷനാണ് മധ്യനിരക്ക് കരുത്ത് കൂട്ടാനായി പുതിയ പരിശീലകന്‍ പരീക്ഷിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള കളികളില്‍ ഈ തന്ത്രവും വിജയം കണ്ടില്ല. യോഗ്യതാ മത്സരങ്ങള്‍ക്ക് പകരം റഷ്യ കൂടുതല്‍ രാജ്യങ്ങളുമായി സൗഹൃദ മത്സരം കളിച്ചെങ്കിലും നാലെണ്ണത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. സൂപ്പര്‍ താരം ഇഗോര്‍ അക്‌നിഫീവാണ് റഷ്യയുടെ കരുത്തായി മാനേജര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. റഷ്യക്കു പുറത്തുനിന്നുള്ള ക്ലബുകളില്‍ കളിക്കുന്ന മൂന്ന് താരങ്ങള്‍ മാത്രമാണ് ലോകകപ്പ് ടീമില്‍ ഇടം നേടിയിട്ടുള്ളത്. ബാക്കി മുഴുവന്‍ താരങ്ങള്‍ റഷ്യന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങളാണ്. റഷ്യക്കായി 98 മത്സരങ്ങള്‍ കളിച്ച താരമാണ് ഇഗോര്‍. റഷ്യന്‍ ക്ലബായ സി.എസ്.കെ.എ മോസ്‌കോയുടെ താരമാണ് ഇഗോര്‍. സി.എസ്.കെ.എക്കായി 500ലധികം മത്സരങ്ങളില്‍ താരം വലകാത്തിട്ടുണ്ട്. റഷ്യന്‍ യുവതാരങ്ങളായ ജോര്‍ജി ദിസ്‌കിറ, ഫെഡോര്‍ കുദര്‍ശേവ് എന്നിവരെ ഉള്‍പ്പെടുത്തി പ്രതിരോധത്തിന് ഒന്നു കൂടി ശക്തി കൂട്ടിയിട്ടുണ്ട് റഷ്യ. അഞ്ചു താരങ്ങളെ മധ്യനിര ഏല്‍പിച്ച് അറ്റാക്കിങ് മിഡ്ഫീല്‍ഡ് എന്ന പദ്ധതിയായിരിക്കും റഷ്യ പരീക്ഷിക്കുക. ഇതിനായി മധ്യനിരയില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡിലും കളിച്ച് പരിചയമുള്ള താരങ്ങളാണ് ടീമിലുള്ളത്. റഷ്യയുടെ ഏറ്റവും മികച്ച മധ്യനിര താരമായ അലന്‍ ഡസഗോവ് തിരിച്ചെത്തുന്നതോടെ ടീം ഒന്നുകൂടി കരുത്തുറ്റതാകുമെന്നാണ് കണക്കുകൂട്ടല്‍. മധ്യനിരയിലായിരുന്നിട്ട് കഴിഞ്ഞ യൂറോയില്‍ മൂന്നു ഗോളുമായി ടീമിന്റെ നെടുംതൂണായി മാറാന്‍ അലന് കഴിഞ്ഞു.
പത്താം നമ്പറില്‍ റഷ്യ പ്രതിനിധീകരിക്കുന്ന സി.എസ്.കെ.എയുടെ യുവതാരം അലക്‌സാണ്ടര്‍ ഗെലോവും റഷ്യന്‍ മധ്യനിരക്ക് കരുത്തുപകരാനെത്തുന്നുണ്ട്. ഗോള്‍ നേടിയാല്‍ 90 മിനുട്ടും എതിര്‍ ടീമിനെ പ്രതിരോധിച്ചു നിര്‍ത്താന്‍ റഷ്യക്കായാല്‍ ഗ്രൂപ്പ് സ്റ്റേജിലെങ്കിലും മികച്ച പ്രകടനം നടത്താന്‍ ടീമിനാകുമെന്നാണ് പ്രതീക്ഷ. ടീമിനു പുറത്തുള്ള രാഷ്ട്രീയമായ പ്രശ്‌നങ്ങളും കാണികളുടെ പ്രശ്‌നങ്ങളും റഷ്യന്‍ ഫുട്‌ബോളിന് അപകടമൊന്നുമുണ്ടാക്കിയില്ലെങ്കില്‍ ആതിഥേയര്‍ക്ക് കളിക്കളത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."