അവസാന പന്ത് വലയിലാക്കി വെങ്ങര്‍ പടിയിറങ്ങി
ലണ്ടന്‍: അവസാന ജയത്തിലെ പന്ത് വലയിലാക്കാനുള്ള തന്ത്രവും മെനഞ്ഞ് ആഴ്സന്‍ വെങ്ങര്‍ പടിയിറങ്ങി. കഴിഞ്ഞ ദിവസമാണ് 22 വര്‍ഷത്തെ ആഴ്സനലുമായുള്ള ഫുട്ബോള്‍ ജീവിതം വെങ്ങര്‍ അവസാനിപ്പിച്ചത്. ഹഡേഴ്സ്ഫീല്‍ഡിലെ കിര്‍ക്ലീസ് സ്റ്റേഡിയത്തില്‍ ഹഡേഴ്സ്ഫീല്ഡുമായുള്ള മത്സരത്തിലെ വിജയത്തിന് ശേഷമായിരുന്നു വെങ്ങറുടെ വിടപറച്ചില്‍.
1996ല്‍ ആഴ്സനലിലെത്തി 1235 കളികളാണ് വെങ്ങറുടെ മേല്‍നോട്ടത്തില്‍ ആഴ്സനല്‍ കളിച്ചത്. ഇതില്‍ 716 മത്സരങ്ങളില്‍ ഗണ്ണേഴ്സിന് ജയം സ്വന്തമാക്കാനായി. 2298 ഗോളുകളാണ് വെങ്ങര്‍ പുറത്തെടുത്ത തന്ത്രത്തില്‍നിന്ന് ആഴ്സനല്‍ താരങ്ങള്‍ നേടിയത്.
ലീഗില്‍ ആറാം സ്ഥാനക്കാരായിട്ടാണ് ആഴ്സനല്‍ സീസന് പൂര്‍ത്തിയാക്കുന്നതെങ്കിലും ആഘോഷപൂര്‍വമായിട്ടായിരുന്നു അവസാന മത്സരം നടന്നത്. വെങ്ങറുടെ 22 വര്‍ഷത്തിനിടയിലുള്ള മേല്നോട്ടത്തിനിടക്ക് മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ഏഴ് എഫ്.എ കപ്പ് കിരീടങ്ങള്‍ എന്നിവയടക്കം 20 ലധികം കിരീടങ്ങള്‍ ഗണ്ണേഴ്സിന്റെ ഷെല്ഫിലെത്തിക്കുന്നതില് 68കാരനായ വെങ്ങറുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ഈ നിമിഷം വളരെ ദു:ഖം നിറഞ്ഞതാണ്. ടീമിനോടൊപ്പമുള്ള ഓരോ മിനുട്ടും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഈ ദു:ഖം മാറണമെങ്കില്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടതുണ്ട്. ടീമിനൊപ്പമുള്ള ഫാന്‍സാണ് എന്നും ടീമിന്റെ കരുത്ത്. ഭാവിയിലും ഫാന്‍സിന്റെ പിന്തുണയുണ്ടാകണം. എല്ലാത്തിലുമുപരി ഞാന്‍ ആഴ്സനലിന്റെ ഫാനായി തന്നെ കൂടെയുണ്ടാകും.
മാനേജറായോ അല്ലാതെയോ ഞാന്‍ എന്നും ഫുട്ബോളിനൊപ്പം തന്നെയുണ്ടാകും. അവസാന മത്സരത്തിന് ശേഷം വെങ്ങര്‍ പറഞ്ഞു. 22 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആഴ്സനല്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. വെങ്ങര്‍ എത്തിയതിന് ശേഷം ആഴ്സണലിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്. വെങ്ങര്‍ അവസാനമായി ടീമിലെത്തിച്ച ഒബമയോങ്ങായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടി ജയത്തിന് വഴിയൊരുക്കിയത്. ഫ്രാന്‍സിന്റെ തിയറി ഹെന്‍ട്രി, പാട്രിക് വിയേര എന്നീ ഇതിഹാസങ്ങളെ ആഴ്സനലിലെത്തിച്ച് ടീമിന്റെ മുഖച്ഛായ മാറ്റിയതില്‍ പ്രധാന പങ്ക് വെങ്ങറുടേതായിരുന്നു.
ആഴ്സനലില്‍നിന്ന് പടിയിറങ്ങിയതിന് ശേഷം എന്ത് എന്ന കാര്യത്തെ കുറിച്ച് വെങ്ങര്‍ സൂചനയൊന്നും നല്‍കിയിട്ടില്ല. മാനേജറായോ അല്ലാതെയോ എന്നും ഫുട്ബോളിനായി നിലകൊള്ളും എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുമെന്നുള്ള സൂചന തന്നെയാണ് നല്‍കുന്നത്. വിശ്രമ ജീവിതത്തിനാണോ ആഴ്സനലുമൊത്തുള്ള യാത്ര അവസാനിപ്പിക്കുന്നതെന്ന കാര്യവും വെങ്ങര്‍ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലേക്ക് വരാന്‍ താല്പര്യമുണ്ടെന്നും ഇന്ത്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും ആഴ്സന്‍ വെങ്ങര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എഫ്.എ കപ്പിന്റെ സെമിഫൈനലില്‍ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തിന് ശേഷമായിരുന്നു വെങ്ങറുടെ വെളിപ്പെടുത്തലുണ്ടായത്. ആഴ്സനലുമൊത്ത് ഇന്ത്യയില്‍ ഒരു മത്സരത്തിന് വരാന്‍ പദ്ധതി തയാറാക്കിയിരുന്നെങ്കിലും അത് നടക്കാതെ പോയതില്‍ വലിയ ദു:ഖമുണ്ടെന്നും വെങ്ങര്‍ പറഞ്ഞിരുന്നു. എന്തായാലും ഇന്ത്യയില്‍ വരുമെന്നും വെങ്ങര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."