മുട്ട- മുട്ടയുല്‍പ്പന്ന മേള; 'എഗ്ഗ് ഫെസ്റ്റ് 2017' ഇന്ന് തുടങ്ങും
കല്‍പ്പറ്റ: സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന മുട്ട- മുട്ടയുല്‍പ്പന്ന മേളയായ 'എഗ്ഗ് ഫെസ്റ്റ് 2017'ന് സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഇന്ന് തുടക്കമാകും. വൈകീട്ട് 4.30ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയാകും. 'മുട്ടവിഭവങ്ങള്‍' എന്ന പാചകപുസ്തകം സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്‍ പ്രകാശനം ചെയ്യും. സിനിമാതാരം മാമുക്കോയ മുഖ്യാതിഥിയായിരിക്കും.
ജില്ലാ മൃഗസംരക്ഷണ ഓഫിസിന്റെ നേതൃത്വത്തില്‍ നടക്കുന്ന മേളയില്‍ വിവിധയിനം വളര്‍ത്തുപക്ഷികള്‍, മുട്ടകള്‍, മുട്ടയുല്‍പ്പന്നങ്ങള്‍, വളര്‍ത്താനാവശ്യമായ ഉപകരണങ്ങള്‍, തീറ്റവസ്തുക്കള്‍, മരുന്നുകള്‍, വാക്‌സിനുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവുമുണ്ടാകും. മുട്ടയെ സംബന്ധിച്ച അറിവുകളും കാഴ്ചപ്പാടും പങ്കുവെക്കുക, ജൈവ കാര്‍ഷിക ഉല്‍പാദനത്തിന് ഊന്നല്‍ നല്‍കുക, വിവിധ മുട്ടവിഭവങ്ങള്‍ പരിചയപ്പെടുത്തുക, ചെലവു കുറഞ്ഞ രീതിയില്‍ ഗുണമേന്മയുള്ള മുട്ടയുല്‍പാദനം ഗാര്‍ഹിക സാഹചര്യങ്ങളില്‍ സാധ്യമാക്കുക തുടങ്ങിയവയാണ് ലക്ഷ്യം. മുട്ട കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ ഓര്‍ഡറനുസരിച്ച് തല്‍ക്ഷണം ഉണ്ടാക്കി നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ഏജന്‍സികള്‍ പങ്കെടുക്കും. ഈ മേഖലയിലെ കാലിക വിഷയങ്ങള്‍ ആസ്പദമാക്കി സെമിനാറുകള്‍, മുട്ട വിഭവങ്ങളുടെ ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍, കലാ- സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയുമുണ്ടാകും.
വിവിധ വിഷയങ്ങളില്‍ നാളെ നടക്കുന്ന കര്‍ഷക സംരംഭക സെമിനാറില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രം മുന്‍ മേധാവി ഡോ.രാധമ്മ പിള്ള മോഡറേറ്ററാകും. വൈകീട്ട് നാലു മുതല്‍ 5.30 വരെ പാചക മത്സരവും ആറു മുതല്‍ യക്ഷഗാന ബൊമ്മയാട്ടവും നടക്കും.
തിങ്കളാഴ്ച നടക്കുന്ന സയന്റിഫിക് സെമിനാറില്‍ 'വ്യാവസായിക മുട്ട ഉല്‍പാദനം- മാറുന്ന ഇന്ത്യന്‍ സാഹചര്യങ്ങള്‍', 'ബ്രീഡര്‍ ഫാം പ്രാക്ടീസസ് ', 'മുട്ടക്കോഴി വളര്‍ത്തലും യന്ത്രവല്‍കരണവും' എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. ചാത്തമംഗലം റീജ്യണല്‍ പൗള്‍ട്രി ഫാം അസി.ഡയറക്ടര്‍ ഡോ. ജലാലുദ്ദീന്‍ മോഡറേറ്ററാകും. തുടര്‍ന്ന് 6.30 മുതല്‍ നാടന്‍പാട്ട് കലാമേള അരങ്ങേറും.
മേളയുടെ അവസാന ദിനമായ ചൊവ്വാഴ്ച നടക്കുന്ന സംരംഭക സെമിനാറില്‍ 'മുട്ടക്കോഴി വളര്‍ത്തല്‍ സംരംഭങ്ങള്‍- ഒരു പ്രശ്‌നാധിഷ്ഠിത വിശകലനം', 'മുട്ടയുടെ സംഭരണം, ഗുണമേന്മ നിര്‍ണയം, വിപണനം', 'മുട്ടക്കോഴികളിലെ ആരോഗ്യപരിപാലന മുറകള്‍', 'മുട്ടക്കോഴി വളര്‍ത്തല്‍- ബിസിനസ് മാനേജ്‌മെന്റ് 'എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലാ ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.സാജു ജോസഫ് മോഡറേറ്ററാകും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി മുഖ്യാതിഥിയായിരിക്കും. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."