കുടുംബശ്രീയുടെ പശുസഖി ഉദ്ഘാടനം 20ന്
കല്‍പ്പറ്റ: മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് ഉല്‍പാദന വിപണന മേഖലയില്‍ ആവശ്യമായ പിന്‍തുണ ലഭ്യമാക്കുന്നതിനായി കുടുംബശ്രീ രൂപീകരിച്ച പശുസഖി പദ്ധതി ഉദ്ഘാടനം 20ന് നടക്കുമെന്ന് കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ പി സാജിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ വയനാട്, കണ്ണൂര്‍, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ 50 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. മൃഗസംരക്ഷണ വരുമാനദായക പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയത, ഫലപ്രദമായ നടത്തിപ്പ് എന്നിവ സംബന്ധിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാംപസില്‍വച്ചാണ് 10 ദിവസത്തെ പരിശീലനം. കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹിള കിസാന്‍ ശാക്തീകരണന്‍ (എം.കെ.എസ്.പി) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പശുസഖി നടപ്പാക്കുന്നത്. 1.56 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാനതലത്തില്‍ 600 വനിതകളെ തെരഞ്ഞെടുത്ത് വെറ്ററിനറി സര്‍വകലാശാലയിലെയും മൃഗസംരക്ഷണ വകുപ്പിലെയും വിദഗ്ധരുടെ നേതൃത്വത്തില്‍ ആവശ്യമായ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോറും കേരള വെറ്ററിനറി ആന്റ് സയന്‍സസ് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ജോസഫ് മാത്യുവും തമ്മില്‍ ഒപ്പുവച്ചു. ഈ മേഖലയില്‍ വിജയം വരിച്ച കര്‍ഷകരുടെ അനുഭവങ്ങള്‍ പങ്കുവക്കാനും കൃഷിയിടങ്ങളും ഡയറി ഫാമുകളും സന്ദര്‍ശിക്കാനുള്ള അവസരവും പരിശീലന കാലയളവില്‍ ഇവര്‍ക്ക് ലഭിക്കും. പരിശീലനം ലഭിച്ച വനിതകള്‍ ഫീല്‍ഡ് തലത്തില്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരായി പ്രവര്‍ത്തിക്കും. കുടുംബശ്രീ സമഗ്ര പദ്ധതിക്ക് കീഴില്‍ പുതിയ പ്രൊജക്ടുകള്‍ സമര്‍പ്പിക്കുന്നതിന് പശുസഖി പദ്ധതിപ്രകാരം പരിശീലനം നിര്‍ബന്ധമാക്കും. പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി, യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ജോസഫ് മാത്യു, കുടുംബശ്രീ പ്രോഗ്രാം ഓഫിസര്‍ ഡോ. സലിം, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഗീത തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പി. സാജിത, കുടുംബശ്രീ അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, ഡോ. ഇ.എം മുഹമ്മദ്, ഡോ. സുബിന്‍ മോഹന്‍, ഡോ. അബ്ദുള്‍ മുനീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."