കായംകുളം കായലിലെ ചീനവലകള്‍ മത്സ്യബന്ധന വകുപ്പ് തകര്‍ത്തു
ആലപ്പുഴ: കൊല്ലം- കോട്ടപ്പുറം ജലപാതയുടെ പേരില്‍ കായംകുളം കായലിലെ ചീനവലകള്‍ക്ക് നേരെ മത്സ്യബന്ധന വകുപ്പിന്റെ ആക്രമണം. നൂറ് കണക്കിന് തൊഴിലാളികളെ പട്ടിണിയിലാക്കി ജലപാതയ്ക്ക് വളരെ അകലെയുള്ള ചീനവലകളും എടുത്തുമാറ്റി.
ജലപാതയിലെ തടസങ്ങള്‍ നീക്കണമെന്ന ദേശീയ ജലപാത അതോറിറ്റി കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ മറപിടിച്ചാണ് ആലപ്പുഴ ജില്ലയിലെ ഉദ്യോഗസ്ഥര്‍ ജലപാതക്ക് വളരെ അകലെയുള്ള ചീനവലകളും ഇളക്കിമാറ്റിയത്. കായംകുളം കായലിലെ മനോഹര കാഴ്ചകളായിരുന്നു ചീനവലകള്‍. ഉയര്‍ന്നു നില്ക്കുന്ന തെങ്ങിന്‍കുറ്റികള്‍ മാത്രം അവശേഷിപ്പിച്ച ഉദ്യോഗസ്ഥരുടെ നടപടിക്ക് പിന്നില്‍ ദുരൂഹതയുണ്ട്. ചീനവലകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദേശീയ ജലപാത അതോറിറ്റി നല്‍കിയിരിക്കുന്ന മറുപടികളും മല്‍സ്യബന്ധന വകുപ്പിന്റെ നടപടികളും തമ്മിലുള്ള വൈരുധ്യം പരിശോധിച്ചാല്‍ ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കങ്ങള്‍ വ്യക്തമാകും. അടിത്തട്ടില്‍ 38 മീറ്ററും ഉപരിതലത്തില്‍ 50 മീറ്ററുമാണ് കൊല്ലം - കോട്ടപ്പുറ ദേശീയ ജലപാതയുടെ വീതി.
ഈ പാതയിലെ ചീനവലകള്‍ ഉള്‍പ്പെടെയുള്ള മത്സ്യബന്ധന സംവിധനങ്ങളെ പറ്റി ആശങ്കയുണ്ടെന്ന് ദേശീയ ജലപാത അതോറിറ്റി സംസ്ഥാനത്തെ അറിയിച്ചിരുന്നു. എന്നാല്‍, പാതക്ക് പുറത്തുള്ള മത്സ്യബന്ധന വലകളോ അനുബന്ധ സാമഗ്രികളോ നീക്കം ചെയ്യണമെന്നോ നിയന്ത്രിക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല.
എന്നാല്‍, കായംകുളം മേഖലയിലെ അനധികൃത ചീനവലകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര ജല അതോറിറ്റി ആവശ്യപ്പെട്ടു എന്നാണ് ആലപ്പുഴയിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുപ്രകാരം കഴിഞ്ഞ ഡിസംബര്‍ മുതല്‍ ചീനവലകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയിരുന്നു.
കായലിലെ മുഴുവന്‍ ചീനവലകളും മത്സ്യബന്ധന വകുപ്പ് തകര്‍ത്തെറിയുകയും ചെയ്തു. ഈ നടപടികള്‍ പുരോഗമിക്കുമ്പോഴും 50 മീറ്ററിന് പുറത്തുള്ള വലകള്‍ നീക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ജലപാത അതോറിറ്റി ആവര്‍ത്തിക്കുന്നു. ആലപ്പുഴ ജില്ലയുടെ അതിര്‍ത്തി വരെ മാത്രമാണ് കായലിലെ വലകള്‍ നീക്കിയത്. ടി.എസ് കനാല്‍വഴി കൊല്ലം ജില്ലയിലേയ്ക്ക് പ്രവേശിച്ചാല്‍ ജലപാതയില്‍ ഉള്‍പ്പെടെ നിരവധി ചീനവലകള്‍ തലയുയര്‍ത്തി നില്‍പ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."