അറ്റകുറ്റപ്പണി തീര്‍ത്ത 108 ആംബുലന്‍സുകള്‍ ഉടന്‍ നിരത്തിലിറക്കാന്‍ നിര്‍ദേശം
ആലപ്പുഴ: അറ്റകുറ്റപ്പണി തീര്‍ത്ത 108 ആംബുലന്‍സുകള്‍ പരിശോധിച്ച് ഉടന്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ ആര്‍.ടി.ഒ.യ്ക്ക് ജില്ലാ വികസനസമിതിയോഗം നിര്‍ദേശം നല്‍കി. ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. ഡോ. ഡി. സജിത് ബാബു ആധ്യക്ഷ്യം വഹിച്ചു.
കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി സഹായം എത്തിക്കാനും ദുരിതാശ്വാസ ക്യാമ്പില്‍ മുടങ്ങാതെ ഭക്ഷണം എത്തിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പ്രതിനിധി അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു. തീരദേശ പ്രദേശത്ത് മണ്ണെണ്ണ കരിഞ്ചന്ത വില്‍പന സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടില്‍ 695 പേര്‍ക്ക് ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ തോടുകളിലെ വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ഒ.യ്ക്ക് യോഗം നിര്‍ദേശം നല്‍കി. നഗരത്തില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത ആര്‍.ഒ. പ്ലാന്റുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേകം യോഗം വിളിക്കണമെന്ന് ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് എസ്. സത്യപ്രകാശ്, കെ.സി. വേണുഗോപാല്‍ എം.പി.യുടെ പ്രതിനിധി ബി. ബൈജു കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ്, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രതിനിധി അരുണ്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."