ക്വിം ടോറ പുതിയ കാറ്റലന്‍ പ്രസിഡന്റ്
ബാഴ്സലോണ: കാറ്റലോണിയയുടെ പുതിയ പ്രസിഡന്റായി ക്വിം ടോറ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തില്‍ പുതുമുഖമായ ക്വിം കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തി കൂടിയാണ്. ഇന്നലെ പ്രാദേശിക പാര്‍ലമെന്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
വിദേശത്ത് കഴിയുന്ന മുന്‍ പ്രസിഡന്റ് കാര്‍ലെസ് പുജിമോന്റാണ് ക്വിം ടോറയെ സ്ഥാനത്തേക്കു നാമനിര്‍ദേശം നടത്തിയത്. പാര്‍ലമെന്റില്‍ 66 സ്വാതന്ത്ര്യവാദി എം.പിമാര്‍ ടോറയ്ക്ക് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ സ്വാതന്ത്ര്യവിരുദ്ധ പക്ഷത്തെ 65 അംഗങ്ങള്‍ അദ്ദേഹത്തിനെതിരേ വോട്ട് ചെയ്തു. നാല് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. കാറ്റലന്‍ ദേശീയഗാനം ആലപിച്ചായിരുന്നു പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം നടന്നത്.
സ്വതന്ത്ര കാറ്റലന്‍ റിപബ്ലിക്ക് രൂപീകരിക്കുമെന്ന് ക്വിം ടോറ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. സ്പാനിഷ് കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും ഒക്ടോബര്‍ ഒന്നിനു നടന്ന ജനഹിത പരിശോധനാ ഫലത്തെ മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഏറെ വിവാദമായ ജനഹിത പരിശോധനയില്‍ കാറ്റലോണിയയിലെ 90 ശതമാനം പേരും സ്വതന്ത്ര രാജ്യത്തെ പിന്താങ്ങിയെന്നാണ് സ്വാതന്ത്രവാദി വിഭാഗം അവകാശപ്പെട്ടത്. എന്നാല്‍, സ്പാനിഷ് കോടതി ജനഹിത പരിശോധനാ ഫലം റദ്ദാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."