ജറൂസലമില്‍ യു.എസ് എംബസി തുറന്നു
തെല്‍അവീവ്: ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ ജറൂസലമിലെ യു.എസ് എംബസി ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു. മാസങ്ങള്‍ക്കു മുന്‍പ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്‌റാഈലിനു നല്‍കിയ വാദ്ഗാനം പൂര്‍ത്തീകരിച്ചായിരുന്നു ഇന്നലെ നയതന്ത്ര കാര്യാലയം വിവിധ രാഷ്ട്രങ്ങളില്‍നിന്നെത്തിയ അതിഥികളുടെ സാന്നിധ്യത്തില്‍ തുറന്നത്. നേരത്തെ തെല്‍അവീവിലുണ്ടായിരുന്ന എംബസിയാണ് ജറൂസലമിലേക്കു മാറ്റിസ്ഥാപിച്ചത്.
പ്രാദേശിക സമയം വൈകിട്ട് നാലിനായിരുന്നു പുതിയ കാര്യാലയത്തിന്റെ ഉദ്ഘാടനം നടന്നത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു, ട്രംപിന്റെ ഉപദേഷ്ടാക്കളായ മകള്‍ ഇവാന്‍ക, ഭര്‍ത്താവ് ജാരദ് കുഷ്‌നര്‍, യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ എംന്യൂച്ചിന്‍, യു.എസ് ഡെപ്യൂട്ടി വിദേശകാര്യ സെക്രട്ടറി ജോണ്‍ സുല്ലിവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത യു.എസ് സംഘം ചടങ്ങില്‍ പങ്കെടുത്തു. ജറൂസലമില്‍ അമേരിക്കയുടെ എംബസി ഔദ്യോഗികമായി തുറക്കുകയാണെന്ന് ചടങ്ങില്‍ യു.എസ് അംബാസഡര്‍ ഡെവിഡ് ഫ്രീഡ്മാന്‍ പ്രഖ്യാപനം നടത്തി. വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്‌റാഈല്‍ ഭരണകൂടം നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത്. തീരുമാനം ലോകവ്യാപകമായി വന്‍ വിമര്‍ശം ക്ഷണിച്ചുവരുത്തിയിരുന്നു.
മുന്‍ പ്രസിഡന്റുമാരുടെ കീഴ്‌വഴക്കം മറികടന്നാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. യു.എസ് എംബസി ഉടന്‍ ജറൂസലമിലേക്കു മാറ്റുമെന്നും ട്രംപ് അറിയിച്ചിരുന്നു. ജറൂസലം തങ്ങളുടെ തലസ്ഥാനമാണെന്നാണ് ഇസ്‌റാഈലിന്റെ അവകാശവാദം. എന്നാല്‍, കിഴക്കന്‍ ജറൂസലം ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായാണ് ഫലസ്തീനികള്‍ കരുതുന്നത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."