പി.എന്‍.ബി തട്ടിപ്പ്: സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നടന്ന 13,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. വജ്രവ്യാപാരി നീരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും പ്രതികളായ കേസിലെ കുറ്റപത്രം ഇന്നലെ ഉച്ചയോടെ മുംബൈ പ്രത്യേക കോടതി മുന്‍പാകെയാണ് സമര്‍പ്പിച്ചത്.
കുറ്റാരോപിതര്‍ക്ക് ഇനി ജാമ്യത്തിന് ശ്രമിക്കാനാവില്ല. നീരവ് മോദിയെ കുറ്റപത്രത്തില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കേസില്‍ 19 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള കാലാവധിയായ 90 ദിവസം കഴിയാനിരിക്കെയാണ് സി.ബി.ഐ കോടതിയിലെത്തിയത്. 13400 കോടി രൂപയുടെ തട്ടിപ്പ് സംഭവിച്ചുവെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയത്.
അലഹബാദ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ഉഷ അനന്തസുബ്രഹ്മണ്യന്‍, പഞ്ചാബ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയരക്ടര്‍മാരായ ബ്രഹ്മജി രാവു, സഞ്ജീവ് സരണ്‍, ജനറല്‍ മാനേജര്‍ നേഹല്‍ അഹദ് എന്നിവര്‍ ഉള്‍പ്പെടെ 25 പേര് പ്രതിപ്പട്ടികയിലുണ്ട്. മെഹുല്‍ ചോക്സിക്കെതിരേയുള്ള രണ്ടാമത്തെ കുറ്റപത്രം ബുധനാഴ്ച സി.ബി.ഐ സമര്‍പ്പിച്ചേക്കും. വിദേശത്ത് നിന്ന് ജാമ്യമെടുക്കാന്‍ വായ്പപത്രം ( ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിങ്)നല്കുന്നതില് ഉള്‍പ്പെടെ ചട്ടങ്ങള്‍ പി.എന്‍.ബി പാലിച്ചില്ലെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. നീരവ് മോദിയുടെ ഭാര്യ ആമി മോദി, സഹോദരന് നിഷാല്‍ മോദി മറ്റു കുടുംബാഗങ്ങള്‍ എന്നിവര്‍ ഉള്‍കൊള്ളുന്ന കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിച്ചേക്കുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."