ചരിത്രം കാത്ത് യൂറോപ്; പ്രീണന രാഷ്ട്രീയത്തിന് എക്‌സിറ്റ്
ബ്രെക്‌സിറ്റിനും ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനും ശേഷം ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പാണ് ബുധനാഴ്ച പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്റ്‌സില്‍ നടന്നത്. യൂറോപ്പിലും അമേരിക്കയിലും തുടരുന്ന പ്രീണന രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് നെതര്‍ലന്റ്‌സിലെ തെരഞ്ഞെടുപ്പ് ഫലം. ഒപ്പം യൂറോപ്യന്‍ യൂനിയന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ക്കും താല്‍ക്കാലിക വിരാമമായി.
തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് ചര്‍ച്ചയാകുന്ന രാഷ്ട്രീയ സാഹചര്യമായിരുന്നു ഇത്തവണത്തെ നെതര്‍ലന്റ്‌സ് തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. പാര്‍ലമെന്റിലെ 150 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക് റൂട്ടേയുടെ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ഡെമോക്രസി (വി.വി.ഡി)യും തീവ്രദേശീയ വാദികളായ ഗീര്‍ട്ട് വില്‍ഡേഴ്‌സിന്റെ ഫ്രീഡം പാര്‍ട്ടിയും (പി.വി.വി)യും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 1.30 കോടി വോട്ടര്‍മാരുള്ള രാജ്യത്ത് 28 പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
മുസ്‌ലിം വിരുദ്ധതയില്‍ ട്രംപിനെ വെല്ലുന്ന നിലപാടാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വില്‍ഡേഴ്‌സ് സ്വീകരിച്ചത്. പ്രധാനമന്ത്രി മാര്‍ക് റൂട്ടേയുടെ പാര്‍ട്ടിക്ക് 33 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 22 സീറ്റുകളാണ് ഗീര്‍ട്ടിന് നേടാനായത്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് നെതര്‍ലന്റ്‌സ് പുറത്തുപോകണമെന്നും രാജ്യത്ത് മുസ്‌ലിം പള്ളികളും ഖുര്‍ആനും നിരോധിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വാദിച്ചയാളാണ് വില്‍ഡേഴ്‌സ്. എന്നാല്‍, വംശീയവാദികളുടെ നീക്കത്തെ ജനാധിപത്യ വാദികള്‍ ബാലറ്റിലൂടെ ചെറുത്തു.
യൂറോപ്യന്‍ യൂനിയന്റെ ഭാവി
യൂറോപ്യന്‍ യൂനിയന്‍ വിടുമെന്ന വില്‍ഡേഴ്‌സിന്റെ വാദമാണ് നെതര്‍ലന്റ്‌സ് തെരഞ്ഞെടുപ്പിന് ആഗോള രാഷ്ട്രീയ പ്രാധാന്യം നല്‍കിയത്. ദേശീയ വാദം, കുടിയേറ്റ വിരുദ്ധത, പ്രീണന നയം എന്നിവ ഉയര്‍ത്തിയാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് തീരുമാനമെടുത്തത്. ഇതിനു പിന്നാലെ ട്രംപ് അമേരിക്കയില്‍ വിജയിച്ചതും സമാന രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടന്നതും നെതര്‍ലന്റ്‌സ് തെരഞ്ഞെടുപ്പിനെ ചര്‍ച്ചാവിഷയമാക്കി.
യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം യൂനിയന്റെ നിലനില്‍പിന് ഭീഷണിയായിരുന്നു. ഇതിനു പിന്നാലെ തുര്‍ക്കിയും യൂനിയന്‍ വിടണമെന്ന നിലപാടുമായി മുന്നോട്ടുവന്നു. നെതര്‍ലന്റ്‌സും ഇതേ നീക്കം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടതോടെ ഭീഷണി വര്‍ധിച്ചു. വില്‍ഡേഴ്‌സ് വിജയിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഫ്രാന്‍സിലും സപ്തംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ജര്‍മനിയിലും ദേശീയവാദികള്‍ക്ക് ഇതു ഉയര്‍ത്തിക്കാട്ടാനാകുമായിരുന്നു.
ഫ്രാന്‍സില്‍ മരീന്‍ ലെ പെന്നിന്റെ നാഷനല്‍ ഫ്രന്റ്, ജര്‍മനിയില്‍ എ.എഫ്.ഡി, ഓസ്ട്രിയയില്‍ ഫ്രീഡം പാര്‍ട്ടി, ഇറ്റലിയില്‍ ലെഗ നോര്‍ഡ് തുടങ്ങിയ പാര്‍ട്ടികള്‍ ഗീര്‍ട്ട് വില്‍ഡേഴ്‌സിന്റെ പാര്‍ട്ടി ഫോര്‍ ഫ്രീഡവുമായി സാമ്യമുള്ളവയാണ്. ഇത്തരം സാഹചര്യം യൂനിയനെ തകര്‍ക്കുമെന്നായിരുന്നു ആശങ്ക. നെതര്‍ലന്റ്‌സിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ ഈ ആശങ്കയ്ക്ക് താല്‍ക്കാലിക പരിഹാരമായി.
പ്രീണന രാഷ്ട്രീയത്തിന്റെ തിരിച്ചടി
പ്രീണന രാഷ്ട്രീയം ഉയര്‍ത്തി ഭൂരിപക്ഷവോട്ടുകള്‍ ഉറപ്പിച്ച് അധികാരം പിടിക്കുകയെന്ന തന്ത്രമാണ് നെതര്‍ലന്റ്‌സില്‍ പൊളിഞ്ഞത്. ഇതിനു ട്രംപിനെയാണ് വില്‍ഡേഴ്‌സ് അനുകരിച്ചത്. എക്‌സിറ്റ് പോളുകളിലും മറ്റും വില്‍ഡേഴ്‌സിന്റെ പാര്‍ട്ടി വിജയിക്കുമെന്ന് പ്രവചനം നടന്നെങ്കിലും ജനവിധി മറിച്ചായിരുന്നു. യൂറോപ്പിലും അമേരിക്കയിലും പ്രീണന രാഷ്ട്രീയത്തിന് മേല്‍ക്കൈ നേടുന്നുവെന്ന പ്രചാരണമാണ് എക്‌സിറ്റ് പോള്‍ ഫലത്തിനെ സ്വാധീനിച്ചത്.
തീവ്രദേശീയതയും കടുത്ത മുസ്‌ലിം വിദ്വേഷവുമായിരുന്നു ഗീര്‍ട്ട് വില്‍ഡേഴ്‌സിന്റെ തുറുപ്പുചീട്ട്. ഇസ്‌ലാം ഒരു മതമല്ലെന്നും അക്രമരാഷ്ട്രീയ ആശയമാണെന്നും പടിഞ്ഞാറന്‍ യൂറോപ്യന്‍ സമൂഹത്തില്‍ നിരോധിക്കണമെന്നും ഗീര്‍ട്ട് പ്രചാരണവേദികളില്‍ വിളിച്ചുപറഞ്ഞു. മതഭ്രാന്തന്മാരുടെ വോട്ടാണ് ഗീര്‍ട്ട് ഇതിലൂടെ ലക്ഷ്യംവച്ചത്. യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന ആവശ്യം ഉന്നയിച്ചത് ദേശീയവാദക്കാരുടെ വോട്ട് മുന്നില്‍ക്കണ്ടായിരുന്നു. ഈ രണ്ടു നിലപാടുകള്‍ക്കുമാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത്.
അസഹിഷ്ണുത പടരുന്നു
തുറന്ന സമീപനത്തിന്റെയും സഹിഷ്ണുതയുടെയും രാജ്യമായിരുന്നു നെതര്‍ലന്റ്‌സ്. 2008 മുതല്‍ ആഭ്യന്തരവും അന്താരാഷ്ട്രപരവുമായ കാര്യങ്ങളാണ് നെതര്‍ലന്റ്‌സില്‍ അസഹിഷ്ണുതയുടെ വിത്ത് വിതച്ചത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, യൂറോസോണ്‍ പ്രശ്‌നം, അഭയാര്‍ഥി പ്രതിസന്ധി, സമീപ രാജ്യങ്ങളിലെ ഭീകരാക്രമണങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഇതിനു പിന്നില്‍. ഗീര്‍ട്ട് വില്‍ഡേഴ്‌സിനെ പോലുള്ള ഒരു രാഷ്ട്രീയ നേതാവ് എങ്ങനെ ഉയര്‍ന്നുവന്നുവെന്ന സ്വാഭാവിക സംശയത്തിന്റെ ഉത്തരമാണിത്. നെതര്‍ലന്റ്‌സിനെ സംരക്ഷിക്കാന്‍ തനിക്കുമാത്രമേ കഴിയൂവെന്ന ഇദ്ദേഹത്തിന്റെ വാദം ജനം തള്ളിയെങ്കിലും വില്‍ഡേഴ്‌സിന്റെ ആശയങ്ങള്‍ക്ക് പിന്തുണ വര്‍ധിക്കുന്നുവെന്ന വസ്തുതയും വിസ്മരിക്കാനാകില്ല. കഴിഞ്ഞതവണ 12 ഉം 2012ല്‍ 19 ഉം സീറ്റുകള്‍ ഉണ്ടായിരുന്ന ഇദ്ദേഹം ഇത്തവണ 22 സീറ്റുകളായി വര്‍ധിപ്പിച്ചത് ഇതിനു തെളിവാണ്. 14 ശതമാനം വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. റൂട്ടേയുടെ പാര്‍ട്ടിക്ക് കഴിഞ്ഞ വര്‍ഷം 41 സീറ്റുകളുണ്ടായിരുന്നത് ഇത്തവണ 33 ആയി കുറഞ്ഞതും പ്രീണനവാദികളുടെ വളര്‍ച്ചയായി കണക്കാക്കാം.
പ്രീണനക്കാരെ പിണക്കുന്ന യൂറോപ്
യൂറോപ്പിന്റെ ചരിത്രത്തില്‍ പ്രീണന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. മുസ്‌ലിം അഭയാര്‍ഥികളെയും നെതര്‍ലന്റ്‌സ് സ്വീകരിച്ചിരുന്നു. അരലക്ഷത്തിലേറെ അഭയാര്‍ഥികളെയാണ് ഈ വര്‍ഷം നെതര്‍ലന്റ്‌സ് സ്വീകരിച്ചത്. അഞ്ചു ലക്ഷത്തോളം തുര്‍ക്ക്, മൊറോക്കന്‍ വംശജരും രാജ്യത്തുണ്ട്. ഐ.എസിന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടിയാണ് പ്രീണനവാദികള്‍ രാജ്യത്ത് വേരൂന്നിയത്. താന്‍ അധികാരത്തിലെത്തിയാല്‍ സമ്പൂര്‍ണ അഭയാര്‍ഥി വിലക്കും മുസ്‌ലിം പള്ളികള്‍ അടച്ചുപൂട്ടുമെന്നും പറഞ്ഞ വില്‍ഡേഴ്‌സ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷവും നിലപാട് മാറ്റത്തിന് തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."